
കോട്ടയം: കെ.സി. ജോസഫ് ഒഴിഞ്ഞതോടെ കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കൻ സ്ഥാനാർത്ഥിയായേക്കും. ഇരിക്കൂറിൽ നിന്ന് വന്ന കെ.സി. ജോസഫ് മത്സരിക്കുന്നതിനെതിരെ കോൺഗ്രസിൽ ഗ്രൂപ്പുകൾക്ക് അതീതമായി കലാപക്കൊടി ഉയർന്നതോടെയാണ് മൂവാറ്റുപുഴ നോട്ടമിട്ടിരുന്ന വാഴയ്ക്കൻ കാഞ്ഞിരപ്പള്ളിയിൽ ഇറങ്ങുന്നത്. അതേസമയം ബി.ജെ.പിയുടെ എ ക്ളാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താനം, ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, വി.എൻ. മനോജ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിൽ. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എൻ.ജയരാജ് പ്രചരണം ആരംഭിച്ചിട്ടുണ്ട്.
2006ൽ വാഴയ്ക്കൻ ആദ്യമായി നിയസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് കാഞ്ഞിരപ്പള്ളിയിലായിരുന്നു. അന്ന് എൽ.ഡി.എഫ് സ്വതന്ത്രനായ അൽഫോൺസ് കണ്ണന്താനത്തോട് പരാജയപ്പെട്ടു. പിന്നീടാണ് കാഞ്ഞിരപ്പള്ളി രൂപമാറ്റം സംഭവിച്ചത്. സഭയുടെയും എൻ.എസ്.എസിന്റെയും ആശിർവാദത്തോടെയാണ് വാഴയ്ക്കൻ കളത്തിലിറങ്ങുന്നതെന്നാണ് സൂചന. പാലാ രാമപുരം സ്വദേശിയായ വാഴയ്ക്കൻ ചാനൽ ചർച്ചകളിലെ സ്ഥിരസാന്നിദ്ധ്യം കൂടിയാണ്. കെ.സി. ജോസഫിനേക്കാൾ ചെറുപ്പമെന്നതും വാഴയ്ക്കന് അനുകൂലമാകും.
സീറ്റിംഗ് എം.എൽ.എ എൻ. ജയരാജിന്റെ പേര് കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് പ്രഖ്യാപിച്ചതോടെ അദ്ദേഹം പ്രചാരണം തുടങ്ങി. എതിർ സ്ഥാനാർത്ഥി ആരായാലും നൂറു ശതമാനം വിജയപ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് യുവസ്ഥാനാർത്ഥി?
വാശിയേറിയ പോരാട്ടം നടക്കുന്ന കോട്ടയം മണ്ഡലത്തിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, മുൻ നഗരസഭാ കൗൺസിലർ ടി.എൻ.ഹരികുമാർ എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിൽ. ഭാരവാഹികളുടെ അഭിപ്രായ ശേഖരണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നിർദേശിച്ചത് അഖിലിന്റെ പേരാണ് . സുരേന്ദ്രപക്ഷക്കാരനായ യുവനേതാവെന്നുള്ള പരിഗണനയാണ് അഖിലിന്. പുതുപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ.ഹരി മത്സരിച്ചേക്കുമെന്ന് ഏതാണ്ടുറപ്പായി. ഹരി മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. കടുത്തുരുത്തിയിൽ ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ, ചങ്ങനാശേരിയിൽ മുതിർന്ന നേതാവ് അഡ്വ. ബി.രാധാകൃഷ്ണ മേനോൻ എന്നിവരുടെ പേരും അന്തിമപട്ടികയിലുണ്ട്.
ബി.ഡി.ജെ.എസിന് സ്ഥാനാർത്ഥികളായി
ഏറ്റുമാനൂർ, വൈക്കം, പൂഞ്ഞാർ സീറ്റുകളിൽ ബി.ഡി.ജെ.എസിന് സ്ഥാനാർത്ഥികളായി. ഏറ്റുമാനൂരിൽ കോട്ടയം മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ, വൈക്കത്ത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അജിത സാബു, പൂഞ്ഞാറിൽ എം.ആർ. ഉല്ലാസ് എന്നിവരാണ് മത്സരിക്കുക. എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ മൽസരിക്കുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ അനുകൂലമായില്ലെങ്കിൽ ഉല്ലാസിന് പകരം സ്ഥാനാർത്ഥി വരും.