publicity

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ ചെലവ് കുറയ്‌ക്കാൻ സ്ഥാനാർത്ഥികളെ സഹായിച്ച് കൊവിഡും കുറഞ്ഞ പ്രചാരണസമയവും. ഇക്കുറി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ പ്രചാരണത്തിന് അധികം തുക ചെലവഴിക്കേണ്ടി വരില്ല. ഇത് കൂടാതെ കൊവിഡിന്റെ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആളെ കൂട്ടുന്നതിനും നിയന്ത്രണമുണ്ട്. ഇതും ഗുണമാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ.

നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചെങ്കിലും പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞ ദിവസം മാത്രമാണ് പൂർത്തിയായത്. സീറ്റ് ഉറപ്പിച്ച പലരും നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. 12ാം തിയതി മുതലുള്ള ചെലവാണ് കമ്മിഷൻ കണക്കിൽ പെടുത്തുക. ഏപ്രിൽ ആറുവരെയുള്ള ദിവസങ്ങളിൽ 30 ലക്ഷം രൂപ മാത്രമാണ് ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാനാകുക.

എന്നാൽ, മുൻ വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ മൂന്നു കോടി രൂപ വരെ പല സ്ഥാനാർത്ഥികളും ചെലവഴിച്ചിട്ടുണ്ട്. അനുവദിച്ചതിന്റെ മൂന്നിരട്ടി വരെ മുൻ വർഷങ്ങളിൽ ചെലവഴിക്കേണ്ടി വന്നു. പ്രചാരണ ദിവസങ്ങളുടെ എണ്ണം കൂടുതലായിരുന്നതിനാലാണ്. സ്ഥാനാർത്ഥിയെ നിർണ്ണയിച്ച ശേഷം രണ്ടു മാസം വരെ കഴിഞ്ഞ തവണ പ്രചാരണത്തിനു ലഭിച്ചിരുന്നു. എന്നാൽ, ഇക്കുറി കഷ്‌ടിച്ച് 20 ദിവസം മാത്രമാണ് ഔദ്യോഗിക പ്രചാരണത്തിന് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ചെലവ് ഒരു കോടിയിലെങ്കിലും ഒതുക്കാമെന്നാണ് സ്ഥാനാർത്ഥികളുടെ പ്രതീക്ഷ.

ആളു കുറയ്‌ക്കാൻ കൊവി‌ഡ്

നിയമസഭാ തിരഞ്ഞെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥിയോടൊപ്പം പ്രചാരണത്തിന് പത്തു പേർ മാത്രമേ ഉണ്ടാകാവൂ എന്നാണ് കമ്മിഷന്റെ നിർദേശം. ഇത് പാലിച്ചാൽ ചെലവും കുറയുമെന്ന് സ്ഥാനാർത്ഥികൾ പ്രതീക്ഷിക്കുന്നു.