
കോട്ടയം: വിപണിയിൽ നാടൻ മാങ്ങകൾ സുലഭം. വരവ് മാങ്ങ കുറഞ്ഞു. നാടൻ മാങ്ങകൾ സുലഭമായി ലഭ്യമായതോടെയാണ് പച്ച മാങ്ങ വിപണിയും സജീവമായത്. ഒരു മാസം മുൻപ് കാലാവസ്ഥാ വ്യതിയാനവും ഇടയ്ക്കുണ്ടായ മഴയും മാങ്ങയുടെ ഉത്പാദനത്തിൽ കുറവ് നേരിട്ടിരുന്നു. ചിലയിടങ്ങളിൽ നാട്ടുമാവുകളിൽപോലും മാങ്ങയുടെ ഉദ്പാദനം കുറഞ്ഞ അവസ്ഥയുമുണ്ട്. പടിഞ്ഞാറൻ മേഖലകളിൽ മാങ്ങകൾ സുലഭമാകുമ്പോൾ കിഴക്കൻ മേഖലകളിൽ മാങ്ങ ഉല്പാദനത്തിൽ കുറവ് നേരിടുന്നുണ്ട്. പടിഞ്ഞാറൻ മേഖലകളിൽ നിന്ന് കൊണ്ടു വരുന്ന മാങ്ങകളാണ് കിഴക്കൻ മേഖലകളിലേയ്ക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നത്. കഴിഞ്ഞ മാസം വരെ മാങ്ങയുടെ ലഭ്യതക്കുറവ് മൂലം വിലയും ഉയർന്നിരുന്നു. നാടൻ മാങ്ങകൾ എത്തിയതോടെ വിലയും കുറവ് വന്നിട്ടുണ്ട്. മൂവാണ്ടൻ മാങ്ങയാണ് വിപണിയിൽ സജീവം. പഴുത്ത മാങ്ങ 80, പച്ചമാങ്ങ 50 എന്നിങ്ങനെയാണ് വില നിലവാരം. അൽഫോൺസാ മാങ്ങ, പേരയ്ക്കാ മാങ്ങ, കിളിച്ചുണ്ടൻ തുടങ്ങിയവ പാലക്കാട് ജില്ലയിലെ മുതലട, കൊല്ലങ്കോട് , തമിഴ്നാട് മേഖലകളിൽ നിന്നാണ് വരവ് മാങ്ങകൾ ഏറെയും എത്തുന്നത്. നാടൻ മാങ്ങകൾ ലഭ്യമായതോടെ വരവ് മാങ്ങകൾ കുറഞ്ഞു. വരും ദിവസങ്ങളിൽ വരവ് മാങ്ങകൾ എത്തുമെന്ന് വ്യാപാരികൾ പറഞ്ഞു. നാടൻ മാങ്ങ വാങ്ങുന്നതിന് ആവശ്യക്കാരും ഏറെയാണ്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് മാവ് പൂക്കുന്നത്. നവംബറിൽ വിളവെടുപ്പ് ആരംഭിക്കുകയും മെയ് പകുതിവരെ നീണ്ടുനിൽക്കുകയും ചെയ്യും. കൃത്രിമ മാങ്ങകളും വിപണിയിൽ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. സീസൺ മുതലെടുത്ത് ചിലർ പച്ചമാങ്ങ കൃത്രിമമായി പഴുപ്പിച്ചും വിൽപ്പന നടത്തുന്നുണ്ട്. കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന ഇത്തരം മാങ്ങകൾ വാങ്ങുന്നവർ മിക്കപ്പോഴും കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം മാങ്ങകൾക്ക് മധുരക്കുറവാണ്. പുളിരസവും അനുഭവപ്പെടുന്നു.
വഴിയോരക്കച്ചവടവും തകൃതി
പാതയോരങ്ങളിൽ നാടൻ മാങ്ങ വിപണിയും സജീവമായി. രണ്ട് കിലോ, മൂന്ന് കിലോ നൂറ് എന്നിങ്ങനെയാണ് വിൽപ്പന. കുലച്ച് കിടക്കുന്ന മാങ്ങ മൊത്ത വിലയ്ക്ക് എടുത്ത് പറിച്ച് ചില്ലറ വിൽപ്പനയും നടത്തുന്നു.