കാഞ്ഞിരപ്പള്ളി : നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവായി സ്വസ്ഥമായി സഞ്ചരിക്കാൻ സാധിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് ഇത്തവണയെങ്കിലും യാഥാർത്ഥ്യമാകുമോ എന്ന ചോദ്യമാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വോട്ടർമാർ ഉയർത്തുന്നത്. 12 വർഷം മുൻപ് തുടക്കമിട്ട പദ്ധതി വിവിധ പ്രതിബന്ധങ്ങളിൽ കുരുങ്ങി കിടക്കുകയായിരുന്നു. 2007-08 ൽ സർക്കാർ ഫാസ്റ്റ് ട്രാക്കിൽപ്പെടുത്തി പ്രാരംഭ പ്രവർത്തനങ്ങൾക്കായി 9.2 കോടി
രൂപ അനുവദിച്ചു. പൊതുമരാമത്ത് നിരത്തുവിഭാഗം അലൈൻമെന്റ് നിശ്ചയിച്ച് സർവേ നടപടികളും പൂർത്തിയാക്കി. അതിരുകൾ നിശ്ചയിച്ച് കല്ലുകളും സ്ഥാപിച്ചതോടെ ഒരു സ്ഥലമുടമ ഹൈക്കോടതിയിൽ പോയി. തുടർന്ന് ബൈപാസ് ജോലികൾ അനന്തമായി നീളുകയായിരുന്നു. പിന്നീട് അനുകൂലമായ കോടതി വിധി ഉണ്ടായെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. 2015 ആഗസ്റ്റിൽ സാങ്കേതികാനുമതി ലഭിച്ചു. 2017 ഏപ്രിലിൽ പൊതുമരാമത്ത് വകുപ്പ് പദ്ധതി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപറേഷന്
കൈമാറി. ആർബിഡിസിയുടെ പുതിയ പ്ലാനും എസ്റ്റിമേറ്റും പ്രകാരം 2017-18 ൽ 80 കോടി രൂപ കിഫ്‌ബിയിൽ നിന്ന് അനുവദിച്ചു. സർവ്വേ നടപടികൾ പൂർത്തിയാക്കി സാമൂഹികാഘാതപഠനവും നടത്തി. പദ്ധതിയുടെ
അവസാനഘട്ട പേപ്പർ ജോലികൾ പൂർത്തിയായി വരുകയാണ്.
ബൈപാസ് ഇങ്ങനെ
ദേശീയപാത 183 ൽ കെ.കെ.റോഡിൽ നിന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നും മണിമല റോഡിനും ചിറ്റാർപുഴയ്ക്കും കുറുകെ പാലം നിർമ്മിച്ച് ടൗൺ ഹാളിന് സമീപത്തുകൂടി പൂതക്കുഴിയിൽ ദേശീയ പാതയിൽ എത്തിച്ചേരുന്നതാണ് ബൈപാസ്. 1.65 കി.മീ. ദൈർഘ്യമുള്ള ബൈപാസിൽ ഒരു പാലവും അഞ്ചു കലുങ്കുകളും ഉണ്ടാവും.