precharanam

കോട്ടയം: സോഷ്യൽ മീഡിയകളിലെ ഇ പോസ്റ്ററിലൂടെ പ്രചാരണം ശക്തമാക്കി സ്ഥാനാർത്ഥികൾ. പഴയ കാലത്തെ മതിലിലും മരത്തിലും പോസ്റ്ററുകൾ ഒട്ടിക്കുന്നതിൽ നിന്നു മാറി ഇന്ന് സോഷ്യൽ മീഡിയ വോളുകളിലാണ് അങ്കം.

പരമ്പരാഗത പ്രചാരണത്തിന് ഹരിത ചട്ടം, കൊവിഡ് നിബന്ധനകൾ പാലിക്കേണ്ടതിനാൽ വോട്ടുതേടൽ രീതികൾ വ്യത്യസ്തമാവുകയാണ്. തദ്ദേശ തിതെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാൾ ആധുനികമാണ് നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്തെ കാഴ്ചകൾ.

നൂതന സാങ്കതിക വിദ്യകൾ പ്രയോജനപ്പെടുത്തി പുത്തൻ തലമുറയെ ആകർഷിക്കുന്ന തരത്തിലാണ് പ്രചാരണം. സ്റ്റുഡിയോ മുറികളിൽ നിന്നു മാറി ആധുനിക രീതിയിലുള്ള ലൈവ് ഫോട്ടോ ഷൂട്ടുകളാണ് നടക്കുന്നത്. സ്ഥാനാർത്ഥികളുടെ ഫോട്ടോകൾ ഗ്രാഫിക് ഡിസൈനർമാർ ഫോട്ടോ എഡിറ്റിംഗ് ആപ്പുകളുപയോഗിച്ച് എഡിറ്റ് ചെയ്താണ് തയ്യാറാക്കുന്നത്. വാട്‌സ് ആപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവകളിലൂടെ സ്റ്റോറിയായും സ്റ്റാറ്റസുകളായും പോസ്റ്റുകളായും പ്രചരിക്കുന്നു.

കല്യാണ ഷൂട്ടിംഗുകളെയും പരസ്യ മോഡലുകളെയും വെല്ലുന്ന തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളാണ് അരങ്ങേറുന്നത്. ബുള്ളറ്റ് മോഡൽ പ്രചാരണവും കൊഴുക്കുന്നുണ്ട്. പഴമയിൽ പുതുമ തേടുന്ന ചായക്കട മോഡൽ ഷൂട്ടിംഗും വ്യാപകം. ഒപ്പം ട്രോളുകളും രസകരമായ വീഡിയോകളുമുണ്ട്.