
കോട്ടയം: ഹൈക്കമാൻഡിന്റെ വെല്ലുവിളി ഏറ്റെടുത്ത് നേമത്ത് മത്സരിക്കുമെന്ന പ്രചാരണത്തിനിടയിലും കുഞ്ഞുഞ്ഞ് പുതുപ്പള്ളി വിട്ടെങ്ങും പോകില്ലെന്ന വിശ്വാസത്തോടെ ചുവരെഴുത്തും പോസ്റ്ററൊട്ടിക്കലും ബൂത്തു കൺവെൻഷനുകളും ഉഷാറാക്കി പ്രവർത്തകർ.
സീറ്റു ചർച്ചയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടി ഒരാഴ്ചയോളമായി ഡൽഹിയിലാണെങ്കിലും പുതുപ്പള്ളിയിലെ പ്രചാരണത്തിൽ ഒരു കുറവും പ്രവർത്തകർ വരുത്തിയിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു . "എന്നും എപ്പോഴും നമ്മോടൊപ്പം" 'ഹൃദയത്തിൽ പുതുപ്പള്ളി, സ്നേഹപൂർവ്വം ഓരോ വോട്ടുമെന്ന" ഉമ്മൻചാണ്ടിയുടെ ചിത്രത്തോടു കൂടിയ ചുവരെഴുത്തും മണ്ഡലത്തിൽ ഉടനീളം പ്രത്യക്ഷപ്പെട്ടു. നേതാക്കൾ ആവശ്യപ്പെടാതെ സ്വന്തം ഉത്തരവാദിത്വമെന്ന് കരുതി ഓരോ തിരഞ്ഞെടുപ്പിലും ചെയ്തത് ആവർത്തിക്കുകയാണ് ഒ.സി ബ്രിഗേഡിൽപെട്ട പ്രവർത്തകർ .
മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ബൂത്ത് കൺവെൻഷനുകൾ നടക്കുന്നു. ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വത്തിന് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെങ്കിലും ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസിന്റെ ചുവരെഴുത്തും പോസ്റ്ററും വരുന്നതിന് മുമ്പേ പ്രചാരണത്തിൽ കോൺഗ്രസിനെ മുന്നിലെത്തിക്കാൻ പ്രവർത്തകർക്ക് കഴിഞ്ഞു.
അമ്പതു വർഷത്തിലേറെയായി പുതുപ്പള്ളിയിൽ മറ്റാരെയും ജയിപ്പിക്കാത്ത വോട്ടർമാരെ തള്ളാനാവാത്ത അവസ്ഥയിലാണ് ഉമ്മൻചാണ്ടി. നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹം ആദ്യമേ തള്ളിയ ഉമ്മൻചാണ്ടി ഹൈക്കമാൻഡിന്റെ സമ്മദ്ദത്തിനിടയിലും പുതുപ്പള്ളി തന്റെ ഹൃദയമാണെന്ന നിലപാട് മാറ്റിയിട്ടില്ല. "ഈ നാടാണ് എന്നെ ഇങ്ങനെയാക്കിയത്. ഇവിടം വിട്ടൊരു പ്രവർത്തനമില്ല "
മകനത്ര പോരെന്ന് പുതുപ്പള്ളിക്കാർ
ഉമ്മൻചാണ്ടിയില്ലാത്ത ഒരു തിരഞ്ഞെടുപ്പ് അരനൂറ്റാണ്ടായി പുതുപ്പള്ളിയിൽ നടക്കാത്തതിനാൽ പുതുപ്പള്ളി വിട്ട് നേമത്തു മത്സരിക്കുന്ന ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രവർത്തകർക്ക് ചിന്തിക്കാൻ കഴിയുന്നില്ല. മകൻ ചാണ്ടി ഉമ്മൻ പകരമെത്തിയാലും അതുൾകൊള്ളാൻ ഏറെ പ്രയാസമാണെന്നാണ് അവരുടെ പക്ഷം .
"നിയമസഭയിൽ എത്തിയതിന്റെ സുവർണ ജൂബിലി വർഷമാണിത് . ഇത്തവണ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെയുണ്ടാകും . കേൾക്കുന്ന വാർത്തകൾ ശരിയല്ല "
- ജോഷി ഫിലിപ്പ് , ഡി.സി.സി പ്രസിഡന്റ്