വൈക്കം : വല കത്തിച്ച ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിയിൽ തൊഴിലാളികളുടെ പേരിൽ ജാമ്യമില്ലാ കേസെടുത്തതിൽ ധീവരസഭ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തണ്ണീർമുക്കം ബണ്ടിന്റെ മൺചിറയിൽ സൂക്ഷിച്ചിരുന്ന ടി.വി.പുരം മൂത്തേടത്തുകാവ് സ്വദേശികളായ മത്സ്യത്തൊഴിലാളികളുടെ അൻപതിനായിരം രൂപ വിലവരുന്ന വലകൾ കത്തിച്ചത് നേരത്തെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഹമ്മ സി.ഐയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു. ഇതിനിടെയാണ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയിൽ 21 പേർക്കെതിരെ കേസെടുത്തത്. കള്ളക്കേസ് കൊടുത്ത് നേതാക്കളെയും, തൊഴിലാളികളെയും പ്രതികളാക്കിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.രാജു, എ.ദാമോദരൻ, കെ.കെ.അശോക് കുമാർ, ഭൈമി വിജയൻ, കെ.എസ്.കുമാരൻ, വി.എം.ഷാജി, സുലഭ പ്രദീപ്, സൗമ്യ ഷിബു എന്നിവർ പ്രസംഗിച്ചു.