മുണ്ടക്കയം : വേനൽച്ചൂടിന് തെല്ലോരാശ്വാസമായി പെയ്തിറങ്ങിയ വേനൽമഴ മലയോര മേഖലയ്ക്ക് കുളിരേകി. മഴയ്ക്കൊപ്പമെത്തിയ കാറ്റ് ചെറിയ കൃഷി നാശവും വിതച്ചു. ദിവസങ്ങളായി കടുത്ത ഉഷ്ണത്തിൽ വെന്തുരുകിയ അന്തരീക്ഷത്തിന് അല്പം ആശ്വസമായാണ് തുടർച്ചയായി നാലാം ദിനവും മുണ്ടക്കയം മേഖലയിൽ വേനൽ മഴ പെയ്തിറങ്ങിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന പകൽ ചൂട് രേഖപ്പെടുത്തിരുന്ന ജില്ലകളിലൊന്നായിരുന്നു കോട്ടയം. രാത്രികാല മഞ്ഞ് വിട പറഞ്ഞതിനൊപ്പം പകൽ ചൂടിന്റെ കാഠിന്യം ഏറിയതോടെ രാവും പകലും വീടുകളിൽ പോലും കഴിയുന്നത് അസഹ്യമായിരുന്നു. മഴ പെയ്തതോടെ ചൂടിനും തെല്ലൊരു ശമനമായി.

മിന്നലിനെ കരുതണേ...

കുടിവെള്ളക്ഷാമത്താൽ വീർപ്പുമുട്ടുന്ന മലയോര പ്രദേശങ്ങളിലെ ജനങ്ങൾക്കും വലിയ ആശ്വാസമാണ് വേനൽമഴ സമ്മാനിച്ചത്. കൂടാതെ പൊടിപടലങ്ങൾ അടങ്ങാനും മഴ സഹായകരമായി.ചെറിയ തോതിൽ തോടുകളിൽ നീരൊഴുക്കും ആരംഭിച്ചിട്ടുണ്ട്. ഇടിയും മിന്നലും പക്ഷെ ഭീതിയ്ക്കിടയാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും ,ഇലക്ട്രിക് കമ്പികൾ പൊട്ടിയും വൈദ്യുതി തടസവും നേരിട്ടു. വേനൽ മഴയ്ക്കാപ്പമെത്തുന്ന മിന്നൽ കനത്ത നാശനഷ്ടത്തിന് ഇടയാക്കുമെന്ന് ദുരന്തനിവാരണവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.