
കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ലഭിച്ച പത്തു സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് ചെയർമാൻ പി.ജെ.ജോസഫ് അറിയിച്ചെങ്കിലും തർക്കം പൊട്ടിത്തെറിയിലേക്ക് നീളുകയാണ് .
കോട്ടയത്ത് മൂന്ന് സീറ്റ് ലഭിച്ചതിൽ കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റേതൊഴിച്ച് ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകളിൽ തീരുമാനമായില്ല. തിരുവല്ല, തൃക്കരിപ്പൂർ സ്ഥാനാർത്ഥികളുടെ കാര്യവും ത്രിശങ്കുവിലാണ് . തൃക്കരിപ്പൂർ ജോസഫിന് നൽകിയതിനെ ചൊല്ലി കാസർകോട് കോൺഗ്രസിൽ അടിമുറുകി നേതാക്കളുടെ കൂട്ടരാജിയിൽ എത്തി നിൽക്കുകയാണ്.
ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മൈക്കിൾ ജയിംസുമാണ് പരിഗണനയിലുള്ളതെങ്കിലും ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ സീറ്റിനായി ജോസഫിൽ സമ്മർദ്ദം ചെലുത്തുന്നു. നേരത്തെ മാണി ഗ്രൂപ്പ് വിട്ട് ജോസഫ് പക്ഷത്തെത്തി ജില്ലാ പ്രസിഡന്റായ നേതവാണ് സജി . പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. പൂഞ്ഞാർ കോൺഗ്രസിന് വിട്ടു കൊടുത്തതോടെ ഏറ്റുമാനൂർ ആവശ്യപ്പെട്ടെങ്കിലും പ്രിൻസ് ലൂക്കോസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി. മൈക്കിൾ ജയിംസും ഏറ്റുമാനൂരിനായി രംഗത്തെത്തിയതോടെ ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ പിടിക്കാൻ ജോസഫ് ശ്രമിച്ചെങ്കിലും കോൺഗ്രസ് തയ്യാറായില്ല . ഇതോടെയാണ് മഞ്ഞക്കടമ്പിൽ ഏറ്റുമാനൂരിനുള്ള അവകാശവാദം ഉയർത്തിയത്.
ചങ്ങനാശേരിയിൽ സി.എഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് നേരത്തേ പ്രചാരണം തുടങ്ങി. വി.ജെ. ലാലിയും സജീവമായി രംഗത്തുള്ളതിനാൽ ഏറ്റുമാനൂർ , ചങ്ങനാശേരി സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ വലിയ പൊട്ടിത്തെറി ജോസഫ് വിഭാഗത്തിലുണ്ടായേക്കും.
തൊടുപുഴയിൽ പി.ജെ .ജോസഫ് , കടുത്തുരുത്തിയിൽ മോൻസ് ജോസഫ്, ഇടുക്കിയിൽ ഫ്രാൻസിസ് ജോർജ്, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ, കോതമംഗലത്ത് ഷിബു തെക്കുംപുറം , കുട്ടനാട്ടിൽ ജേക്കബ് എബ്രഹാം എന്നിവർ സ്ഥാനാർത്ഥികളാകും. ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മൈക്കിൾ ജയിംസുമാണ് പരിഗണനയിലുള്ളത്. ചങ്ങനാശേരിയിൽ സാജൻ ഫ്രാൻസിസു വി.ജെ ലാലിയും തിരുവല്ലയിൽ ജോസഫ് എം.പുതുശേരിയും കുഞ്ഞുകോശി പോളും. തൃക്കരിപ്പൂരിൽ സജി മഞ്ഞക്കടമ്പിൽ, കാസർകോട് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് എന്നിവരെ പരിഗണിക്കുന്നുണ്ടെങ്കിലും മഞ്ഞകടമ്പിൽ മുഖം തിരിച്ചു നിൽക്കുകയാണ്. മുതിർന്ന നേതാവ് ജോണി നെല്ലൂരിനെ പരിഗണിച്ചെങ്കിലും മാറി നിൽക്കുകയാണ്.
"ജില്ലാ പ്രസിഡന്റായ ഞാൻ മത്സരിക്കണമെന്നത് പ്രവർത്തകരുടെ വികാരമാണ്. ചങ്ങനാശേരിയോ ഏറ്റുമാനൂരോ എനിക്കു നൽകണമെന്ന് പി.ജെ.ജോസഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്ത് ജോസഫ് വിഭാഗം കെട്ടിപ്പടുത്ത എനിക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ അത് വിശദീകരിക്കാൻ പ്രയാസമാകും "
സജി മഞ്ഞക്കടമ്പിൽ, കേരളകോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ്