പാലാ : റിവർവ്യൂ റോഡിൽ ഫുട്പാപാത്തിലേക്ക് വീണ് കിടന്ന മരം ഇന്നലെ രാവിലെ വെട്ടിമാറ്റി. കാൽനടയാത്രക്കാരുടെ വഴിമുടക്കി, വാഹനമിടിച്ച് ഫുട്പാത്തിലേക്ക് ഒടിഞ്ഞു വീണ് കിടന്നിരുന്ന തണൽമരം പാലാ നഗരസഭാധികാരികൾ ഇടപെട്ടാണ് വെട്ടി നീക്കിയത്. ഇത് സംബന്ധിച്ച് ഇന്നലെ 'കേരളകൗമുദി ' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും ടൗൺ വാർഡ് കൗൺസിലർ ബിജി ജോജോയും വിഷയത്തിൽ ഇടപെടുകയും മരം ഉടൻ വെട്ടിമാറ്റാൻ വേണ്ട നിർദ്ദേശം നഗരസഭാ ജീവനക്കാർക്ക് നൽകുകയുമായിരുന്നു. ഇതോടെ ഇന്നലെ രാവിലെ 8.30 തന്നെ സ്ഥലത്തെത്തിയ തൊഴിലാളികൾ മരം വെട്ടി നീക്കി പരിസരം വൃത്തിയാക്കി. യാത്രക്കാർക്കുണ്ടായിരുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണാൻ നടപടി സ്വീകരിച്ച മുനിസിപ്പൽ ഭരണാധികാരികളെ പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജയ്‌സൺമാന്തോട്ടം, പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ എന്നിവർ അഭിനന്ദിച്ചു.