
കോട്ടയം: ഔദ്യോഗിക പ്രഖ്യാപനം വരാൻ വൈകുന്നതിനാൽ യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്നവർ പ്രചാരണം ആരംഭിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ മേൽക്കൈ നേടിയ എൽ.ഡി.എഫും രണ്ടാം ഘട്ട പ്രചാരണം പൂർത്തിയാക്കി പി.സി.ജോർജും കളംപിടിക്കുമ്പോൾ പ്രഖ്യാപനത്തിനായി കാത്തു നിൽക്കേണ്ടെന്നാണ് പാർട്ടികളുടെ തീരുമാനം. പേര് ഒഴിച്ചിട്ട് ചുവരെഴുത്തും തുടങ്ങി.
കോട്ടയം
സിറ്റിംഗ് എം.എൽ.എ തിരുവഞ്ചൂർ ചുവരെഴുത്തും പോസ്റ്ററുകളമായി സജീവമാണ്. നടൻ സലീംകുമാർ പങ്കെടുത്ത മണ്ഡലം കൺവെൻഷനും നടന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ. അനിൽകുമാർ വോട്ട് അഭ്യർത്ഥിച്ചു തുടങ്ങി. ചുവരെഴുത്തും പോസ്റ്ററുകളും നിറഞ്ഞിട്ടുണ്ട്. ബി.ജെ.പി. സ്ഥാനാർത്ഥി പട്ടികയിലേയ്ക്ക് പരിഗണിക്കുന്ന ടി.എൻ. ഹരികുമാർ, അഖിൽ രവീന്ദ്രൻ എന്നിവർ പ്രവർത്തകരുമായി മണ്ഡലത്തിലുണ്ട്.
ഏറ്റുമാനൂർ
സി.പി.എം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ഏറ്റുമാനൂരിൽ മുഴുവൻ സംഘടനാ സംവിധാനവും വി.എൻ.വാസവൻ ഉപയോഗിക്കുന്നുണ്ട്. മുഴുവൻ പഞ്ചായത്തുകളിലും ഇതിനകം ഓടിയെത്തി. യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന പ്രിൻസ് ലൂക്കോ മണ്ഡലത്തിൽ സജീവമായെങ്കിലും സീറ്റ് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പരസ്യമായി രംഗത്തെത്തിയതോടെ ഉൾവലിഞ്ഞു. ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥിയെ തീരുമാനിച്ചിരുന്നെങ്കിലും ഇന്നലെ രാവിലെ മറ്റ് നിർദേശങ്ങൾ വന്നതോടെ ചർച്ചകൾ തുടരുകയാണ്.
ചങ്ങനാശേരി
മുന്നണിയിലെ തർക്കം അവസാനിപ്പിച്ച് എൽ.ഡി.എഫ്.സ്ഥാനാർത്ഥി ജോബ് മൈക്കിൾ മണ്ഡല പര്യടനം രണ്ട് വട്ടം പൂർത്തിയാക്കി. യു.ഡി.എഫിലെ ആശയക്കുഴപ്പത്തിന് പരിഹാരമായിട്ടില്ല. സ്ഥാനാർത്ഥി പട്ടികയിലുള്ള വി.ജെ. ലാലി, സാജൻ ഫ്രാൻസിസ് തുടങ്ങിയവർ സ്വന്തംനിലയിൽ പ്രചാരണത്തിലാണ്. എൻ.ഡി.എയിൽ ബി.ജെ.പിയുടെ മുതിർന്ന നേതാവ് ബി.രാധാകൃഷ്ണമേനോൻ വ്യക്തിപരമായി ആളുകളെ കണ്ട് തുടങ്ങി.
പുതുപ്പള്ളി
നേമവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നെങ്കിലും അണികൾ വർദ്ധിത വീര്യത്തോടെ ഉമ്മൻചാണ്ടിക്കായി പുതുപ്പള്ളിയിലുണ്ട്. ചുവരുകളിലും പേര് നിറഞ്ഞു. ഇലക്ഷൻ കമ്മിറ്റി ഓഫീസുകളും സജീവമായി. എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് മണ്ഡലത്തിലെ പ്രചാരണത്തിനൊപ്പം യുവാക്കളുടെ സഹായത്തോടെ നവമാദ്ധ്യമങ്ങളിലും ശക്തമായി രംഗത്തുണ്ട്. ബി.ജെ.പിയിലെ എൻ.ഹരി മാസങ്ങളായി മണ്ഡലത്തിലുണ്ട്.
പാലാ
ഏറെ ചർച്ചയായ പാലായിൽ ജോസ് കെ.മാണിയും മാണി സി.കാപ്പനും ഒരു മാസത്തോളമായി അനൗദ്യോഗിക പ്രചാരണത്തിലാണ്. രണ്ട് പേരും മണ്ഡലത്തിൽ യാത്രകൾ നടത്തി ഇളക്കി മറിച്ചു. എൻ.ഡി.എയിൽ സാദ്ധ്യത കൽപ്പിക്കുന്ന പി.സി. തോമസിനായി മുന്നണി സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
കടുത്തുരുത്തി
കടുത്തുരുത്തിയിൽ പ്രചാരണത്തിൽ മേൽക്കൈ നേടിയിട്ടുണ്ട് സിറ്റിംഗ് എം.എൽ.എ മോൻസ് ജോസഫ്. കഴിഞ്ഞ ദിവസം പ്രഖ്യാപനം വന്നതോടെ ഒപ്പമെത്താനുള്ള ഓട്ടത്തിലാണ് സ്റ്റീഫൻ ജോർജ്. മോൻസ് പാർട്ടിയുടെ തിരക്കിട്ട യോഗങ്ങൾക്കിടയിലും ദിവസവും മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്റ്റീഫൻ ജോർജ് ആരാധനാലയങ്ങളും പൊതുസ്ഥലങ്ങളും സന്ദർശിച്ച് പരിചയം പുതുക്കുകയാണ്. ഇവിടെയും എൻ.ഡി.എ. സ്ഥാനാർത്ഥി വെയിറ്റിംഗാണ്.
വൈക്കം
മൂന്ന് വനിതകളുടെ മത്സരം കൊണ്ട് ശ്രദ്ധേയമാകുകയാണ് വൈക്കം. എൽ.ഡി.എഫിലെ സി.കെ.ആശ പ്രചാരണത്തിൽ സജീവമാണ്. ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥിയായ അജിതാ സാബു മണ്ഡലത്തിലെ വ്യക്തി ബന്ധം തുണയാകുമെന്ന പ്രതീക്ഷയിലാണ്. ദിവസങ്ങളായി മണ്ഡലത്തിൽ പാർട്ടി പരിപാടികളിലും നിറഞ്ഞു നിൽക്കുന്നു. കോൺഗ്രസ് പരിഗണിക്കുന്ന പി.ആർ. സോന മാസങ്ങളായി മണ്ഡലവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
പൂഞ്ഞാർ
പൂഞ്ഞാറിൽ പി.സി. ജോർജ് ഒരാഴ്ച മുമ്പേ പ്രചാരണം ആരംഭിച്ചിരുന്നു. മുഴുവൻ സമയവും മണ്ഡലത്തിൽ നിറഞ്ഞാണ് ജോർജിന്റെ കുതിപ്പ്. സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിരുന്ന എൽ.ഡി.എഫിലെ സെബാസ്റ്റ്യൻ കുളത്തിങ്കിൽ വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രചാരണം ആരംഭിച്ചതെങ്കിലും മാസങ്ങളായി മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്തിയിരുന്നു. യു.ഡി.എഫി സ്ഥാനാർഥിയാകുമെന്ന് ഉറപ്പുള്ള ടോമി കല്ലാനി ആറു മാസത്തിലേറെയായി മണ്ഡലത്തിൽ പാർട്ടി പരിപാടികളിൽ സ്ഥിരം സാന്നിദ്ധ്യമാണ്. ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥി ഉല്ലാസ് രണ്ട് തവണ മണ്ഡല പര്യടനം പൂർത്തിയാക്കി.
കാഞ്ഞിരപ്പള്ളി
പ്രഖ്യാപനം വന്നതോടെ കഴിഞ്ഞ ദിവസം മണ്ഡലം കൺവെൻഷനോടെ ഒദ്യോഗിക പ്രചാരണത്തിന് സിറ്റിംഗ് എം.എൽ.എ ഡോ.എൻ.ജയരാജ് തുടക്കമിട്ടു. വീടുകൾ കയറി ആളുകളെ കാണുകയാണ്. യു.ഡി.എഫിൽ ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും ജോസഫ് വാഴയ്ക്കൻ നവമാദ്ധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങി. ബി.ജെ.പിയിൽ ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു മണ്ഡലത്തിൽ നിറസാന്നിദ്ധ്യമാണ്.