പാലാ : സാധാരണക്കാരുടെയും കർഷകരുടെയും ശബ്ദമാണ് കേരള കോൺഗ്രസിന്റേതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ പറഞ്ഞു. പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയുടെ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) എന്ന പ്രസ്ഥാനം ഇടതുമുന്നണിയുടെ ഭാഗമായത് ജില്ലയിൽ ജനകീയ പ്രസ്ഥാനങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കും. രണ്ടില എന്നത് കേരള കോൺഗ്രസിന്റെയും ജോസ് കെ.മാണിയുടെയും അഭിമാനമാണ്. പാലായിൽ ജോസ് കെ.മാണി മത്സരിക്കാൻ ഇറങ്ങുമ്പോൾ രണ്ടില ചിഹ്നം കൂടുതൽ ഉയർത്തിപ്പിടിക്കുകയാണ് ചെയ്യേണ്ടത്. ഉമ്മൻചാണ്ടിയുടെ കോട്ടയായ പുതുപ്പള്ളി പഞ്ചായത്തും, ജില്ലാ പഞ്ചായത്തും വ്യക്തമായ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കാൻ സാധിച്ചത് കേരള കോൺഗ്രസിന്റെയും ജോസ് കെ.മാണിയുടെയും കരുത്തിന്റെ പ്രതീകമായാണ്. ഇത് തന്നെയാണ് സംസ്ഥാനത്ത് ഇടതുമുന്നണി തുടർഭരണം ഉറപ്പാക്കുമെന്ന് ഓരോ എൽ.ഡി.എഫ് പ്രവർത്തകനും ഉറച്ച് വിശ്വസിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇക്കുറി നടക്കുന്നതെന്ന് ജോസ് കെ.മാണി പറഞ്ഞു.