അടിമാലി: കേരളത്തിന്റെ ഭാവിയെ ബാധിക്കുന്ന ചരിത്രപരമായ പോരാട്ടമാണ് നടക്കുന്നതെന്നും ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്നും മന്ത്രി എം. എം. മണിപറഞ്ഞു.പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന എൽ.ഡി.എഫ് ദേവികുളം നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി..
കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ മാസങ്ങളായി തെരുവിലായിട്ടും തിരിഞ്ഞുനോക്കാത്ത ഭരണമാണ് കേന്ദ്രത്തിലുള്ളത്. ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും വെല്ലുവിളി നേരിടുന്ന സമയത്ത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയം പൊരുതുന്ന ജനതയ്ക്ക് ആത്മവിശ്വാസമേകും. 30 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കുമെന്ന് പറഞ്ഞത് കോൺഗ്രസിനെ കണ്ടിട്ടാണ്. പോണ്ടിച്ചേരി ഉൾപ്പെടെ അതിനു തെളിവാണ്. അതിനാൽ കേരളത്തിൽ ബിജെപി വരാതിരിക്കാൻ കോൺഗ്രസിനെ ദയനീയമായി തോൽപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
പി മുത്തുപാണ്ടി അദ്ധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ കെ .കെ .ശിവരാമൻ, സിപി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, കെ വി ശശി, ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലാക്കൽ, മുഹമ്മദ് റിയാദ്, ജോയ്‌സ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ എം എൻ മോഹനൻ സ്വാഗതവും എം എം മാത്യു നന്ദിയും പറഞ്ഞു.ദേവികുളത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് കൺവെൻഷൻ നടത്തിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രചരണ പരിപാടികൾ ആരംഭിക്കും.