കട്ടപ്പന: വലിയകണ്ടത്തെ 38ൽപ്പരം കുടുംബങ്ങൾ ഒരു മാസത്തിലധികമായി കുടിവെള്ളമില്ലാതെ നട്ടം തിരിയുന്നു. വലിയകണ്ടം ഭജനമടംപടി പദ്ധതി നിലച്ചതോടെ തലച്ചുമടായി വെള്ളം എത്തിച്ചും വില കൊടുത്ത് വാങ്ങിയുമാണ് നാട്ടുകാർ കഴിയുന്നത്. ഒരുമാസം മുമ്പ് തകരാറിലായ പമ്പ് കുഴൽക്കിണറിൽ നിന്ന് ഉയർത്തുന്നതിനിടെ കുടുങ്ങിപ്പോയിരുന്നു. നിരവധി തവണ ശ്രമിച്ചെങ്കിലും പമ്പ് ഉയർത്താൻ കഴിഞ്ഞില്ല. ഇപ്പോൾ ഒന്നര കിലോമീറ്റർ അകലെയുള്ള കിണറ്റിൽ നിന്ന് വെള്ളം തലച്ചുമടായി എത്തിക്കുകയാണ്. മറ്റുള്ളവർ വില കൊടുത്ത് വെള്ളം വാങ്ങുന്നു. മേഖലയിൽ നഗരസഭ കുടിവെള്ളം എത്തിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ സമീപിച്ചപ്പോൾ ടെൻഡർ എടുക്കാൻ ആളില്ലെന്നായിരുന്നു മറുപടി. അതേസമയം ബഡ്ജറ്റിൽ 20 ലക്ഷം രൂപയാണ് കുടിവെള്ള വിതരണത്തിനായി വകയിരുത്തിയത്. കുടിവെള്ള പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.