കുമരകം : കുമരകത്തെ പല പ്രദേശങ്ങളിലും പൈപ്പ് വെള്ളം കിട്ടാതായത് നാട്ടുകാരെ ദുരിതത്തിലാക്കി സാധാരണ കാറ്റിലും മഴയിലും ഉണ്ടായ വൈദ്യുതി തകരാർ മൂലം ചെങ്ങളം കുന്നുംപുറത്തുള്ള ജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനം തടസപ്പെടുകയും വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പ്രവർത്തിപ്പിക്കാനാകാതെ വരുകയും ചെയ്തതോടെയാണ് വെള്ളം ലഭിക്കാതായത്. ജലവിതരണ വകുപ്പ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കും വെള്ളം പമ്പു ചെയ്യുന്നത് പേരൂർ വെള്ളുപ്പറമ്പിൽ നിന്നാണ്. ആറ്റിൽ ജലനിരപ്പ് കുറവായതിനാൽ ആവശ്യാനുസരണം വെള്ളം പമ്പു ചെയ്യാൻ കഴിയാത്തതും പ്രതിസന്ധിയ്ക്ക് പ്രധാന കാരണമാണ്. കുമരകം ചന്ത ഭാഗം, തെക്കും ഭാഗം കിഴക്കും ഭാഗം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജല വിതരണം നടത്തുന്നത് പഞ്ചായത്ത് വക ചന്തക്കവലയ്ക്ക് സമീപത്ത് സ്ഥാപിച്ചിട്ടുള്ള ഓവർ ഹെഡ് ടാങ്കിൽ നിന്നാണ്. ഇവിടെയാണ് ജലക്ഷാമം രൂക്ഷം. ബോട്ടുജെട്ടി പാലത്തിനു സമീപത്തുള്ളവർക്കും നാമമാത്രമായാണ് വെള്ളം ലഭിക്കുന്നത്.