
പുതുപ്പള്ളി വിടരുതെന്ന് യാചന, ആത്മഹത്യാ ഭീഷണി
പുതുപ്പള്ളി: ഡൽഹിയിൽ നിന്ന് സസ്പെൻസും മനസിൽ ഒളിപ്പിച്ച്, നെടുമ്പാശേരി വഴി കുടുംബവീട്ടിലേക്കുള്ള യാത്രാമദ്ധ്യേ പുതുപ്പള്ളി പള്ളിയിൽ കയറി പ്രാർത്ഥിച്ച് ഉമ്മൻചാണ്ടി കാറിൽ മുന്നോട്ട് നീങ്ങുമ്പോഴേക്കും കുഞ്ഞൂഞ്ഞിനെ വരവേൽക്കാൻ വഴിയരികിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. കരോട്ട് വള്ളക്കാലിലെ കുടുംബ വീടിന് മുന്നിൽ കുത്തിയിരുന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകർ. കൊടിപിടിച്ച് കുട്ടികളും സ്ത്രീകളും... അവരുടെയെല്ലാമുള്ളിൽ ആധിയാണ്, കുഞ്ഞൂഞ്ഞ് പുതുപ്പള്ളി വിട്ട് നേമത്ത് പോകുമോ...?
കാര്യങ്ങൾ അവിടെയും തീർന്നില്ല. ഉമ്മൻചാണ്ടിയുടെ കുടുംബവീടിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി ഇരിപ്പുണ്ട് യൂത്ത് കോൺഗ്രസ് മീനടം മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോൺ. പുതുപ്പള്ളി വിടില്ലെന്ന് കുഞ്ഞൂഞ്ഞിന്റെ ഉറപ്പു കിട്ടണം. ഇല്ലെങ്കിൽ താഴേക്ക് ചാടും.
കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ഞങ്ങളെ വിട്ടുപോകല്ലേ... ചാരനിറമുള്ള ഇന്നോവയിലിരിക്കുന്ന ഉമ്മൻചാണ്ടിയോട് തൊഴുതുകൊണ്ടുള്ള അപേക്ഷ ഇങ്ങനെ. വഴിനിറയെ പ്രവർത്തകർ. വണ്ടി മുന്നോട്ട് നീങ്ങാൻ കഴിയാത്തവിധം ആൾക്കൂട്ടം.
'' സാറേ.. എന്തിനാ പുതുപ്പള്ളീന്നു പോകുന്നേ, സാറൊന്നുമറിയണ്ട, ഒന്നു നിന്നുതന്നാൽ മതി''- കാറിൽ നിന്നിറങ്ങി മുന്നോട്ടു നടന്ന ഉമ്മൻചാണ്ടിക്ക് മുന്നിൽ നിറഞ്ഞ കണ്ണുകളുമായി പ്രവർത്തകരുടെ യാചന. മറുപടിയൊന്നും പറയാതെ പ്രിയപ്പെട്ടവരുടെ കൈകളിൽ തൊട്ട് സ്നേഹം പകർന്ന് വീടിനുള്ളിലേക്ക്.
ഇതിനോടകം വീട്ടിലെത്തിയ എം.എൽ.എമാരായ കെ.സി.ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനടക്കമുള്ളവരുമായി നീണ്ട ചർച്ച. പൊള്ളുന്ന വെയിലത്തും വെള്ളംപോലും വേണ്ടെന്ന് പറഞ്ഞ് കൊടിയും പിടിച്ച് പുരപ്പുറത്ത് ജസ്റ്റിൻ. ഉമ്മൻചാണ്ടി പുതുപ്പള്ളി വിടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഇതിനിടെ അറിയിച്ചെങ്കിലും പ്രവർത്തകർക്ക് അതുപോരാ. മുറ്റത്തിറങ്ങി ഉമ്മൻചാണ്ടി നേരിട്ട് ഉറപ്പ് പറഞ്ഞതോടെ ജസ്റ്റിൻ താഴെയിറങ്ങി.
ഇന്നലെ രാവിലെ ഒമ്പത് മുതൽ നിറഞ്ഞ പിരിമുറുക്കങ്ങൾക്ക് അറുതി വരുത്തി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞെങ്കിലും സസ്പെൻസ് തീർന്നിട്ടില്ലെന്ന സൂചനയാണ് അടുത്ത നേതാക്കൾ നൽകുന്നത്.
പുതുപ്പള്ളിയിൽ ഉറപ്പ്,
നേമത്ത് പറയാനാവില്ല
''നേമത്ത് മത്സരിക്കാൻ ദേശീയ -സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് പുതുപ്പള്ളിക്കാരുടെ വികാരം മനസിലാക്കണമെന്ന് എനിക്കുണ്ടായിരുന്നു. അതുകൊണ്ട് നേതാക്കൾ ഇവിടെ ഉണ്ടാകണമെന്ന് പറഞ്ഞു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവിടെ ബഹളങ്ങളുണ്ടായത്. പുതുപ്പള്ളിയിൽ ഉറപ്പായും മത്സരിക്കും. അതിന് കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. തലമുറകളായി എന്നെ സഹായിച്ച പുതുപ്പള്ളിക്കാരുടെ സ്നേഹത്തിന്റെ ആഴം മനസിലാക്കുന്നു. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല'" ഉമ്മൻചാണ്ടി പറഞ്ഞു.
വീണ്ടും സസ്പെൻസ്
ഉച്ചയ്ക്ക് ചേർന്ന മണ്ഡലം കമ്മിറ്റി 16ന് പത്രികസമർപ്പിക്കാമെന്ന നിർദേശം മുന്നോട്ടുവച്ചത് ഉമ്മൻചാണ്ടി അംഗീകരിച്ചു. പക്ഷേ, ചുവരെഴുതുമ്പോൾ ചിഹ്നം മാത്രം മതിയെന്നും പട്ടിക പ്രസിദ്ധീകരിച്ചിട്ട് പേരെഴുതിയാൽ മതിയെന്നും നിർദേശം. ഇത് വീണ്ടും സസ്പെൻസ് നിറച്ചു.