കാഞ്ഞിരപ്പള്ളി : മുടങ്ങിക്കിടന്ന കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണം 2021 ൽ തന്നെ ആരംഭിക്കാനാവുമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച പുതിയ ചട്ടങ്ങളാണ് നിർമ്മാണം വൈകാൻ ഇടയാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നാലു മാസത്തിനകം ടെണ്ടർ വിളിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ മികച്ച സമീപനമാണ് കൈക്കൊണ്ടത്. പൊൻകുന്നത്ത് സിവിൽ സ്റ്റേഷൻ, കോടതി സമുച്ചയം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബ്, കുന്നും ഭാഗം സ്‌കൂളിലെ സ്പോർട്സ് അക്കാദമി, കരിമ്പുകയം കുടിവെള്ള പദ്ധതി, മണിമല മേജർ കുടിവെള്ള പദ്ധതി എന്നിവയ്ക്കെല്ലാം രാഷ്ട്രീയ പരിഗണനകൾ നോക്കാതെ സർക്കാർ സഹായിച്ചു. വർത്തമാന കാലഘട്ടത്തിൽ വർഗീയതയെ ചെറുക്കുന്നതിൽ ഇടതുപക്ഷത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.