pj-joseph

കോട്ടയം:സീറ്റ് മോഹിച്ച് കേരളകോൺഗ്രസ് മാണി ഗ്രൂപ്പ് വിട്ടെത്തിയ പല പ്രമുഖർക്കും സീറ്റ് നൽകാത്തത് ജോസഫ് ഗ്രൂപ്പിൽ പൊട്ടിത്തെറിക്ക് വഴി മരുന്നിടുന്നു. സി.എഫ് തോമസിന്റെ സഹോദരനെ ചങ്ങനാശേരിയിൽ വെട്ടി. കോൺഗ്രസ് അംഗത്വമുള്ള മാണിയുടെ മരുമകൻ എം.പി.ജോസഫ് തൃക്കരിപ്പൂർ സീറ്റ് അടിച്ചെടുത്തത് പ്രതിഷേധം ആളിക്കത്തിച്ചു.

ജോണിനെല്ലൂർ, ജോസഫ് എം. പുതുശ്ശേരി , വിക്ടർ ടി. തോമസ്,​ സജി മഞ്ഞക്കടമ്പിൽ, സാജൻ ഫ്രാൻസിസ്, തോമസ് കുന്നപ്പള്ളി, മൈക്കിൾ ജയിംസ്, നോബിൻ ജോസഫ്, വർഗീസ് മാമൻ,​ തോമസ് കുന്നപ്പളളി തുടങ്ങി ജോസഫ് സീറ്റ് വാഗ്ദാനം ചെയ്തു കൊണ്ടുവന്ന നേതാക്കളാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ തവണത്തെ നാല് സീറ്റിനു പകരം ഇത്തവണ പത്തു സീറ്റ് കിട്ടിയിട്ടും തങ്ങൾ പുറത്തായതിലാണ് ഇവർക്ക് അമർഷം.

തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റ വി.ജെ.ലാലിക്കും , തുടർച്ചയായി തോൽക്കുന്ന ഫ്രാൻസിസ് ജോർജിനുമെല്ലാം സീറ്റ് നൽകിയതിൽ വിമശനം ശക്തമാണ്.

ചങ്ങനാശ്ശേരിയിൽ മുൻ എം.എൽ.എ സി. എഫ് തോമസിന്റെ മക്കൾക്കും സഹോദരനും സീറ്റ് നിഷേധിച്ചതിൽ കുടുംബത്തിനാകെ വിഷമമുണ്ട്. നിർണായക സമയത്ത് ജോസഫിനൊപ്പം നിന്നിട്ടും തഴഞ്ഞത് അനാദരവാണെന്നാണ് ആക്ഷേപം.

തിരുവല്ലയിൽ സീറ്റ് മോഹികളായിരുന്ന ജോസഫ് എം. പുതുശ്ശേരിക്കും വിക്ടർ ടി. തോമസിനും പകരം കുഞ്ഞുകോശി പോളിനാണ് സീറ്റ്.

പൂഞ്ഞാർ സീറ്റ് ഉറപ്പു നൽകിയാണ് സജി മഞ്ഞക്കടമ്പനെ മാണി വിഭാഗത്തിൽ നിന്ന് ചാടിച്ചത്. സീറ്റ് കിട്ടാത്തതിന്റെ പൊട്ടിത്തെറി ഒഴിവാക്കാൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനം നൽകി അനുനയിപ്പിക്കുകയായിരുന്നു.

'പി.ജെ.ജോസഫ് പറഞ്ഞു പറ്റിച്ചു. സ്ഥാനാർത്ഥി നിർണയത്തിന് പാർട്ടിയിൽ കൂടിയാലോചിച്ചില്ല. കേരള കോൺഗ്രസിൽ നിന്നതു കൊണ്ട് മാത്രമാണ് സീറ്റ് നഷ്ടപ്പെട്ടത്".

- വിക്ടർ ടി. തോമസ്