ഭരണങ്ങാനം : യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയും, യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനും പറഞ്ഞു. ഉപരിപഠനാവസരങ്ങളും തൊഴിൽ
സാധ്യതകളും ഉറപ്പുവരുത്തുന്നതിനായി യുവജനങ്ങൾക്കായി കരിയർ ഗൈഡൻസ് ഇൻസ്റ്റിറ്റിയൂട്ടുകൾ ആരംഭിക്കും. ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശത്തു പോകുന്നവർക്ക് വായ്പാ ലഭ്യത ഉറപ്പു വരുത്തുമെന്നും പ്രാദേശിക വിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള വ്യവസായസംരഭങ്ങളിലൂടെ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ജോസ് പറഞ്ഞു. പാലായിലെ യുവാക്കൾക്ക് പാലായിൽ തന്നെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ ഉറപ്പുവരുത്തുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. ജനക്ഷേമകരമായ വികസനപദ്ധതികളുടെ പൂർത്തീകരണത്തിനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.