poster

കോട്ടയം: കടലാസിന്റെ വില കുത്തന കൂടിയതോടെ പോസ്റ്ററുകളുടെ ചെലവും കൂടി. കാലംമാറിയാലും പോസ്റ്ററുകളില്ലാതെ തിരഞ്ഞെടുപ്പിനെപ്പറ്റി ആലോചിക്കാനാവാത്തതിനാൽ എന്ത് വിലകൊടുത്തും പോസ്റ്ററുകൾ അച്ചടിച്ചു തുടങ്ങി. അതേസമയം അന്യസംസ്ഥാനത്ത് പോയി പോസ്റ്ററും അടിച്ചിട്ട് വോട്ടും ചോദിച്ച് തങ്ങളുടെ അടുത്ത വരേണ്ടെന്നാണ് പ്രസ് ഉടമകളുടെ നിലപാട്.

പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ പോസ്റ്റർ ഒട്ടിച്ചു തുടങ്ങിയപ്പോൾ മത്സരിക്കുമെന്ന് ഉറപ്പുള്ളവർ ഷൂട്ട് പൂർത്തിയാക്കി ഡിസൈൻ ചെയ്ത ഫോട്ടോ പ്രസുകളിൽ എത്തിച്ചിട്ടുണ്ട്. ഇനി പിന്നെ അച്ചടിക്കായി ഡിസൈൻ പ്രസുകളിലെത്തിക്കുന്നതാണ് അടുത്ത പണി. കൊച്ചി, ശിവകാശി എന്നിവിടങ്ങളിലാണ് ഇപ്പോൾ പ്രധാനമായും അച്ചടിക്കുന്നത്. ബഹുവർണ പോസ്റ്റർ അടിക്കുന്നതിന് ഇവിടത്തെക്കാൾ നിരക്ക് കുറവാണ് ശിവകാശിയിൽ. എന്നാൽ കൂട്ടത്തോടെ ശിവകാശിയിൽ പോയാൽ തളർന്നുപോയ പ്രിന്റിംഗ് മേഖലയ്ക്ക് ദോഷമാകുമെന്നാണ് പ്രസുടമകളുടെ നിലപാട്.

 പോസ്റ്റർ വിലകൂടി

പോസ്റ്റർ അടിക്കുന്ന കടലാസിന്റെ വില കൂടിയത് ഇത്തവണ സ്ഥാനാർത്ഥികളുടെ ചെലവ് വർദ്ധിപ്പിക്കും. കടലാസ് വില കിലോയ്ക്ക് 65 രൂപയായിരുന്നത് 92 രൂപ മുതൽ 95 രൂപ വരെയായി. സാധാരണ വലുപ്പമുള്ള ആർട് പേപ്പർ പോസ്റ്ററുകൾക്ക് ഒന്നിന് ഒരു രൂപ വർദ്ധിച്ച് 4 രൂപയും 4 രൂപ ഉണ്ടായിരുന്ന വലിയ പോസ്റ്ററുകൾക്ക് 6 രൂപയുമായി. ഒരു സ്ഥാനാർത്ഥിക്ക് കുറഞ്ഞത് 50,000 പോസ്റ്ററുകളെങ്കിലും വേണം. ഇടയ്ക്ക് പെയ്യുന്ന മഴയും വില്ലനാണ്. ഒട്ടിച്ച പോസ്റ്ററുകൾ നനഞ്ഞു പോകുന്നതിനാൽ വീണ്ടും അച്ചടിച്ച് ഒട്ടിക്കണം.

 ഒട്ടിപ്പിലും തന്ത്രങ്ങൾ

എതിർ സ്ഥാനാർത്ഥിക്ക് അധികം ഇടം കൊടുക്കാതെ കൂടുതൽ സ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിക്കുകയാണ് പുതിയരീതി. എതിരാളികളുടെ പോസ്റ്ററുകൾക്ക് തൊട്ടടുത്ത് കൂടുതൽ പോസ്റ്ററുകൾ പതിക്കുക, എതിർ പാർട്ടിയിലെ നേതാക്കളുടെ വീടിനു മുന്നിൽ പോസ്റ്റർ ഒട്ടിക്കുക എന്നിങ്ങനെ നീളുന്നു പോസ്റ്റർ ഒട്ടിക്കലിലെ തന്ത്രങ്ങൾ.

'' പ്രധാന പാർട്ടികളെല്ലാം മുഴുവൻ സ്ഥാനാർത്ഥികളുടേയും പോസ്റ്ററുകൾ ഒരുമിച്ച് ശിവകാശിയിൽ അച്ചടിക്കുകയാണ്. ഇത് നാട്ടിലുള്ള പ്രസുകാർക്ക് ദോഷം ചെയ്യും. പ്രത്യേകിച്ച് കൊവിഡും കടലാസ് വിലയും മൂലമുള്ള പ്രതിസന്ധിയിൽ നിൽക്കുമ്പോൾ. തദ്ദേശീയരായ പ്രസുകാരെക്കൂടി പരിഗണിക്കണം''

- സോണി ജോർജ് - ജില്ലാ പ്രസിഡന്റ് ,​ മാസ്റ്റർ പ്രിന്റേഴ്‌സ് അസോ