
നിയമസഭാ സ്ഥാനാർത്ഥി ലിസ്റ്റു പുറത്തു വന്നതോടെ വെട്ടി നിരത്തലിന്റെ കണ്ണീർ കഥകളാണ് ചുറ്റുവട്ടത്ത് പലർക്കും പറയാനുള്ളത്.
കോൺഗ്രസിൽ മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ജയസാദ്ധ്യതയുള്ള ഏറ്റുമാനൂർ സീറ്റ് മോഹിച്ചിരുന്നു. മഹിളകൾക്ക് 20 ശതമാനം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷതയുടെ സീറ്റ് വെട്ടിയായിരുന്നു ഇതിന് നേതാക്കളുടെ മറുപടി. ഏറ്റുമാനൂരിന് പകരം വൈപ്പിൻ സീറ്റ് കൊടുക്കുമെന്ന് പറഞ്ഞു പറ്റിച്ചതിലുള്ള പ്രതിഷേധ സൂചകമായി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി.സി.സി ആസ്ഥാനത്ത് കണ്ണീരൊഴുക്കി തല മുണ്ഡനം ചെയ്ത് സീറ്റ് നിഷേധിച്ച നേതാക്കളെ ഞെട്ടിച്ചു.
2011ൽ വി.എസ്.അച്യുതാനന്ദനെതിരെ മലമ്പുഴയിൽ കൊണ്ടു നിറുത്തി തോൽപ്പിച്ചു. 2016ൽ ഒരിടത്തും സീറ്റ് കൊടുത്തില്ല . ഈ തിരഞ്ഞെടുപ്പിലും തഴഞ്ഞ് നന്ദി കേട് കാണിച്ചതിന് എന്തു ന്യായീകരണമാണ് നേതാക്കൾക്കു പറയാനുള്ളത്.
ഈഴവ ഭൂരിപക്ഷ മണ്ഡലമായ ഏറ്റുമാനൂരിൽ നാട്ടകം സുരേഷ്, ജി.ഗോപകുമാർ എന്നിവർക്കും സീറ്റ് വാഗ്ദാനം ചെയ്തിരുന്നു . അവസാനം മണ്ണും ചാരി നിന്ന ജോസഫ് ഗ്രൂപ്പിലെ പ്രിൻസ് ലൂക്കോസ് സീറ്റും കൊണ്ട് പോയി. ജോസഫ് ഗ്രൂപ്പിലാകട്ടെ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെ
പൂഞ്ഞാർ സീറ്റ് ഉറപ്പു നൽകിയാണ് മാണി വിഭാഗത്തിൽ നിന്നു ചാടിച്ചത്.
പൂഞ്ഞാർ കോൺഗ്രസ് കൊണ്ടു പോയതോടെ ഏറ്റുമാനൂരിനായി കടമ്പിൽ കലപില കൂട്ടിയെങ്കിലും കൊടുത്തില്ല. മാണി ഗ്രൂപ്പിൽ നിന്ന് ആദ്യം ചാടി കോട്ടയത്ത് ജോസഫ് ഗ്രൂപ്പിന് അടിത്തറ ഉണ്ടാക്കിക്കൊടുത്ത കടമ്പിൽ ഇടഞ്ഞു ബഹളമുണ്ടാക്കുമെന്നു കണ്ടപ്പോൾ യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനം നൽകി വാ അടപ്പിച്ചു. നേരത്തേ കടമ്പിൽ ചെയർമാനായിരുന്നു. അവിടുന്ന് വെട്ടി മോൻസിനെ ചെയർമാനാക്കുകയായിരുന്നു. ജോസഫ് ഗ്രൂപ്പ് എം.എൽ.എയായിരുന്ന സി.എഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസിനെ ചങ്ങനാശേരിയിൽ വെട്ടി. സി.എഫ് മരിക്കും മുമ്പ് കുടുംബ പിന്തുടർച്ചക്കായി തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് പറഞ്ഞിരുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട് സാജൻ സ്വയം സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങിയിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥിയായത് വി.ജെ.ലാലിയാണ്. സാജൻ ഇനി എന്തൊക്കെ കാട്ടികൂട്ടുമെന്ന് സ്വഭാവം അറിയാവുന്ന ചങ്ങനാശേരിക്കാർ കാത്തിരിക്കുകയാണ്. അതേ സമയം കോൺഗ്രസ് അംഗത്വമുള്ള മാണിയുടെ മരുമകൻ എം.പി. ജോസഫ് തൃക്കരിപ്പൂർ സീറ്റ് അടിച്ചെടുത്തു. ജോസഫിന്റെ പുറപ്പുഴയിലെ വീട്ടിലെ പശുവിനെ കാണാൻ പോയ ബന്ധമേ ഉള്ളുവെന്നും തൃക്കരിപ്പൂരിലേക്ക് പോകാൻ ഗൂഗിൾ മാപ്പു നോക്കുകയാണെന്നുമാണ് എം.പി ജോസഫിനെതിരെ ഇറങ്ങിയ ട്രോൾ.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ വി.ജെ.ലാലിക്കും തുടർച്ചയായി തോൽക്കുന്ന ഫ്രാൻസിസ് ജോർജിനുമെല്ലാം സീറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് വെട്ടി നിരത്തിയവരുടെ വിമർശനം .
ഇതിനിടെയാണ് സി.പി.എം ഉഴവൂർ നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ഡോ.സിന്ധുമോൾ ജേക്കബ് പിറവത്ത് രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന ജാലവിദ്യ. സ്ഥാനാർത്ഥി കുപ്പായവും തയ്പ്പിച്ച് പ്രചാരണം തുടങ്ങിയ യൂത്ത് ഫ്രണ്ട് നേതാവ് ജിൽസ് പെരിയപുറം കണ്ണടച്ചു തുറക്കു മുമ്പ് സ്ഥാനാർത്ഥിയായ സിന്ധുവിന്റേത് പേയ്മെന്റ് സീറ്റെന്ന് ആരോപിച്ച് ജോസിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തി. അനുയായികളെ കൂട്ടി ജോസിന്റെ കോലവും വോട്ടെണ്ണൽ യന്ത്രത്തിന്റെ മാതൃകയും കത്തിച്ചാണ് ജോസിനിട്ട് പണി കൊടുത്തത്.
സി.പി.എം സ്വതന്ത്രയായി മത്സരിച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സിന്ധു, ജോസ് വിഭാഗം സ്ഥാനാർത്ഥിയായതോടെ സി.പി.എം പുറത്താക്കിയെങ്കിലും സിന്ധുവിന് വേണ്ടി സി.പി.എം എങ്ങനെ പിറവത്ത് പ്രചാരണത്തിനിറങ്ങുമെന്നത് ഒരൊന്നര ചോദ്യമാണ്..!. .