
കോട്ടയം: സീറ്റ് നിഷേധിച്ചതോടെ ഇടഞ്ഞ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെ യു.ഡി.എഫ് ജില്ലാ ചെയർമാനായി നിയമിച്ചു . ഇതോടെ പരിഭവം മാറിയെന്ന് സജി. പൂഞ്ഞാർ സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു സജിയെ ജോസ് ഗ്രൂപ്പിൽ നിന്ന് ജോസഫിലെത്തിച്ചത് . പൂഞ്ഞാർ സീറ്റ് കോൺഗ്രസ് കൊണ്ടു പോയതോടെ ഏറ്റുമാനൂരിനായി ശ്രമം . ആഞ്ഞു പിടിച്ചെങ്കിലും പ്രിൻസ് ലൂക്കോസ് അതും കൊണ്ടു പോയി. തൃക്കരിപ്പൂർ സീറ്റ് കൊടുത്ത് സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവിടെ പോയി പച്ച തപ്പുക ബുദ്ധിമുട്ടെന്നു മനസിലാക്കി യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനം ജോസഫിനോട് ചോദിച്ചു വാങ്ങുകയായിരുന്നു.
" എന്നോട് കാണിച്ചത് നന്ദി കേടാണ്. പി.ജെ.ജോസഫ് കൊവിഡ് ബാധിച്ചു കിടന്നുപോയതാണ് ക്ഷീണമായത് . അല്ലെങ്കിൽ യു.ഡി.എഫിൽ നിന്ന് പൂഞ്ഞാർ സീറ്റ് ചോദിച്ചു വാങ്ങിത്തന്നെനെ . യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനം കിട്ടിയതോടെ പരിഭവമില്ലാതായെന്ന് " സജി പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യു.ഡി.എഫ് ചെയർമാനാണ്. കരൂർ മഞ്ഞക്കടമ്പിൽ ജോസഫിന്റെയും പരേതയായ കുട്ടിയമ്മയുടെയും മകനാണ്, പൊൻകുന്നം മൂക്കിലിക്കാട്ട് ലതയാണ് ഭാര്യ, മെറിൻ, മെൽവിൻ, മിയാ എന്നിവർ മക്കളാണ്.