placheri-road

പൊൻകുന്നം : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാംഘട്ടം നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പൊൻകുന്നം - പ്ലാച്ചേരി റീച്ചിൽ 16 കിലോമീറ്റർ ദൂരം ടാറിംഗ് പൂർത്തിയായി. 22.173കിലോമീറ്ററാണ് ആകെ ദൂരം. ശേഷിക്കുന്ന ഭാഗത്തെ ടാറിംഗ് ജോലികൾ ഉടൻ ആരംഭിക്കുമെന്ന് കരാറുകാരായ ധന്യ കൺസ്ട്രക്ഷൻസ് അധികൃതർ പറഞ്ഞു. 10 മീറ്റർ വീതിയിലാണ് ടാറിംഗ്. 75 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ട്. ടാറിംഗ് പൂർത്തിയാകുന്ന ഭാഗത്ത് റോഡിനിരുവശവും ഒന്നര മീറ്റർ വീതിയിർ ടൈൽ പതിക്കുന്ന ജോലിയും ഇതോടൊപ്പം നടക്കും.

നിർമ്മാണം മൂന്ന് റീച്ചുകളായി
മൂന്നു റീച്ചുകളായാണ് നിർമ്മാണം നടക്കുന്നത്. പുനലൂർ - കോന്നി 29.84 കിലോമീറ്റർ, കോന്നി -പ്ലാച്ചേരി 30.16 കിലോമീറ്റർ, പ്ലാച്ചേരി - പൊൻകുന്നം 22.173 കിലോമീറ്റർ. 236.79 കോടി കോടി രൂപയാണ് പ്ലാച്ചേരി, മണിമല, ചെറുവള്ളി വഴി പൊൻകുന്നം വരെയെത്തുന്ന പ്ലാച്ചേരി റീച്ചിന്റെ അടങ്കൽത്തുക. 4 പുതിയ കലുങ്കുകൾ ഉൾപ്പെടെ 69 കലുങ്കുകളാണുള്ളത്. 3.61 കിലോമീറ്റർ ടൈൽ പാകിയ നടപ്പാതയും നിർമ്മിക്കും.

ആധുനിക കാത്തിരിപ്പുകേന്ദ്രം
ആധുനിക സൗകര്യങ്ങളുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളടക്കം പ്രധാന ജംഗ്ഷനുകളുടെ മുഖച്ഛായ മാറുന്ന രീതിയിലാണ് നിർമ്മാണം നടക്കുന്നത്. 34 ചെറിയ ജംഗ്ഷനുകളും നവീകരിക്കും. മണിമല പാലത്തിന് സമാന്തര നടപ്പാലവും മൂലേപ്ലാവ് പാലത്തിന് സമാന്തര പാലവും നിർമ്മിക്കും. 6180 മീറ്റർ സംരക്ഷണഭിത്തിയും , 16 ബസ്‌കാത്തിരിപ്പുകേന്ദ്രങ്ങളും ഉണ്ടാകും.