
ഏറ്റുമാനൂർ: കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവായ പിതാവിന്റെ കല്ലറയിൽ റീത്ത് വച്ചും രാഷ്ട്രീയ ഗുരുനാഥന്റെ കല്ലറയിൽ മെഴുകുതിരി തെളിയിച്ചും പ്രാർത്ഥിച്ചശേഷം ഏറ്റുമാനൂരിന്റെ മനസിലേയ്ക്കിറങ്ങി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പ്രിൻസ് ലൂക്കോസ്.
രാവിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തു വരുമ്പോൾ, കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവായ പിതാവ് ഒ.വി ലൂക്കോസിന്റെ, പാറമ്പുഴ ബദ്‌ലഹേം പള്ളിയിലെ കല്ലറയ്ക്കു മുന്നിൽ പ്രാർത്ഥനയിലായിരുന്നു പ്രിൻസ്. അവിടെ നിന്ന് നേരെ പോയത് അതിരമ്പുഴ ഫൊറോന പള്ളിയിലേയ്ക്കായിരുന്നു. അവിടെ വികാരി ജോസഫ് മുണ്ടകത്തിലിൽ നിന്ന് അനുഗ്രഹം വാങ്ങി. പിന്നീട്, കുടമാളൂർ പള്ളിയിലെത്തി ആർച്ച് ബിഷപ്പ് ഡോ.മാണി പുതിയിടത്തിനെ കണ്ടു.
തുടർന്ന് പാലാ കത്തീഡ്രൽ പള്ളിയിൽ രാഷ്ട്രീയ ഗുരുനാഥൻ കെ.എം മാണിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. മാന്നാനത്ത് ബാബു ചാഴികാടൻ സ്മൃതി മണ്ഡപത്തിലും ജോർജ് പൊടിപാറയുടെ സ്മൃതി മണ്ഡപത്തിലും പൂക്കളർപ്പിച്ചു.
കെ.എം മാണി പാർട്ടി ചെയർമാനായിരിക്കെയാണ് അഡ്വ.പ്രിൻസ് ലൂക്കോസിനെ പാർട്ടി ഉന്നതാധികാര സമിതിയിലേയ്ക്ക് നാമനിർദേശം ചെയ്തത്. അന്ന് പാർട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയായിരുന്നു . ഇത് തന്നെയാണ് യു.ഡി.എഫിന് ഇക്കുറി ഏറ്റുമാനൂർ മണ്ഡലത്തിൽ കരുത്തേകുന്നതും.
ഇന്നലെ ഏറ്റുമാനൂരിലെ ജനങ്ങൾക്കിടയിലായിരുന്നു പ്രിൻസ് . വിവിധ പരിപാടികളിൽ പങ്കെടുത്തു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. . വർഷങ്ങളായി ഏറ്റുമാനൂരിന് സുപരിചിതനാണ് പ്രിൻസ് .