evm

കോട്ടയം: ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെയും റിട്ടേണിംഗ് ഓഫീസര്‍മാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു നടപടി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍. സജികുമാറും സന്നിഹിതനായിരുന്നു.

ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 2887 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 3128 വിവിപാറ്റ് യന്ത്രങ്ങളുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം മുഖേന തിരഞ്ഞെടുത്തത്. ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിന്റെ ഇരുപതു ശതമാനവും വി.വി പാറ്റ് മെഷീന്‍ 30 ശതമാനവും അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റാന്‍ഡമൈസ് ചെയ്തവയ്ക്കും പരിശീലനത്തിനായി മാറ്റിവച്ചിട്ടുള്ള യന്ത്രങ്ങള്‍ക്കും പുറമെ 462 ബാലറ്റ് യൂണിറ്റുകളും 164 കണ്‍ട്രോള്‍ യൂണിറ്റുകളും 170 വിവിപാറ്റ് യന്ത്രങ്ങളും ബാക്കിയുണ്ട്.

ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പിന്നീട് നടക്കും.