കമരകം : നൂറു കണക്കിന് പേർ യാത്ര ചെയ്യുന്ന അയ്മനം പഞ്ചായത്തിലെ പുലിക്കുട്ടിശ്ശേരി - മണലേൽ പള്ളി റോഡരികിൽ അപകടകരമായ നിലയിൽ സ്ഥിതി ചെയ്തിരുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിച്ചു. കാൽനട യാത്രക്കാരുടെ കാൽമുട്ടിന്റെ ഉയരം പോലും ഇല്ലാതെ റോഡരികിൽ നില്ക്കുന്ന ട്രാൻസ്‌ഫോമറും അനുബന്ധ ഉപകരണങ്ങളും അപകടക്കെണിയാകുന്നെന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു. ട്രാൻസ്ഫോമർ യൂണിറ്റ് ഒരു വശത്തേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും കമ്പിവേലി സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടില്ല. ആർപ്പൂക്കര - അയ്മനം പഞ്ചായത്തുകളെ ബന്ധപ്പിക്കുന്ന പ്രധാന റോഡെന്ന നിലയിൽ ട്രാൻഫോർമറിന് ചുറ്റും സുരക്ഷിത വേലി സ്ഥാപിക്കണമെന്ന് വാർഡ് മെമ്പർ ബിജു മാന്താറ്റിൽ ആവശ്യപ്പെട്ടു.