അടിമാലി: രാജാക്കാട് കള്ളിമാലി കരയിൽ അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പുലർച്ചെ നാലിന് നടത്തിയ റെയ്ഡിൽ രണ്ടു കിലോഗ്രാം ഉണക്ക കഞ്ചാവുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ഒരാൾ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. രാജാക്കാട് ആനപ്പാറ കരയിൽ കൊട്ടാരത്തിൽ ഏയ്ഞ്ചൽ ഏലിയാസ് (21), ബൈസൺവാലി ടീ കമ്പനി കരയിൽ കൂനാനിയിൽ കിരൺബാബു (20) എന്നിവരാണ് അറസ്റ്റിലായത്. രാജാക്കാട് കലുങ്ക് സിറ്റി അത്തിയാലിൽ ബിനു ജോസഫാണ് (മുത്ത്) ഓടി രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന കഞ്ചാവ് രാജാക്കാട്, ബൈസൺവാലി വില്ലേജുകളിലെ രഹസ്യ സങ്കേതങ്ങളിൽ സൂക്ഷിച്ചു കേരളത്തിലെ വിവിധ ജില്ലകളിൽ എത്തിച്ച് വിൽപ്പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് ഇവർ. കിലോഗ്രാമിന് 35,000 രൂപ നിരക്കിൽ എറണാകുളത്ത് നിന്നെത്തുന്ന സഞ്ചാരികൾക്ക് വിൽപ്പന നടത്തുന്നതിനായി കള്ളിമാലി ഭാഗത്ത് കാത്തുനിൽക്കുന്നതിനിടെയാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിക്കുന്ന ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തു. കള്ളിമാലി വ്യൂ പോയിന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്‌സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയിലധികമായി നിരീക്ഷണത്തിലായിരുന്നു പിടിയിലായ പ്രതികൾ. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി.എസ്. വിനേഷ്, കെ.വി. പ്രദീപ്, സാന്റി തോമസ്, സിവിൽ എക്‌സൈസ് ആഫീസർമാരായ മീരാൻ കെ എസ്, ഹാരിഷ് മൈതീൻ, ഡ്രൈവർ നാസർ പി.വി. എന്നിവർ പങ്കെടുത്തു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി.