അടിമാലി: എൽ.ഡി.എഫ് സർക്കാർ ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമാണ നിരോധനം അതിന്റെ പാരമ്യതയിൽ എത്തി നിൽക്കുന്നതായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. വീട് നിർമാണത്തിനും മറ്റും ഉള്ള നിരക്ഷേപ പത്രത്തിന് അപേക്ഷ നൽകിയിട്ടുള്ളവർക്ക് റവന്യൂ വകുപ്പിൽ നിന്ന് ലഭിക്കാൻ കഴിയാത്ത അതീവ ഗുരുതരമായ പ്രതിസന്ധിയാണ് അടുത്ത നാളിൽ ഉണ്ടായിരിക്കുന്നത്. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്ത ഇടതു സർക്കാരിന്റെ തെറ്റായ നയങ്ങളാണ് ജില്ലയിലെ ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നത്. ഇത്രവും ഗുരുതരമായ പ്രശ്‌നം ഉണ്ടായിട്ടും ഇതിനു മറുപടി പറയാതെ ജില്ലയിൽ നിന്നുള്ള മന്ത്രി ഉൾപ്പെടുന്ന സംസ്ഥാന സർക്കാർ ഒളിച്ചു കളിക്കുകയാണ്. ഭൂ പ്രശ്‌നത്തിൽ റവന്യൂ വകുപ്പാണ് മറുപടി പറയേണ്ടതെന്ന മുടന്തൻ ന്യായം നിരത്തി സി.പി.എം ഇക്കാര്യത്തിൽ ഒളിച്ചു കളി നടത്താതെ വ്യക്തമായ അഭിപ്രായം പറയണം. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ കസ്തൂരി രംഗൻ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ജില്ലയിൽ സമര കോലാഹലം നടത്തി നാട് സ്തംഭിപ്പിച്ച് സി.പി.എം അധികാരത്തിൽ എത്തിയതോടെ ദേവികുളം താലൂക്ക് ഉൾപ്പെടെ ജില്ലയിലെ എട്ട് വില്ലേജികളിൽ നിർമാണ നിരോധനം ഏർപ്പെടുത്തിയാണ് ഭരണത്തിന് തുടക്കം കുറിച്ചത്. പിണറായി വിജയന്റെ അ‌‌ഞ്ച് വർഷ ഭരണത്തിൽ ജില്ല മുഴുവനും നിർമാണ നിരോധനം നടപ്പാക്കിയിരിക്കുന്നു. മാപ്പ് അർഹിക്കാത്ത കുറ്റമാണ് എൽ.ഡി.എഫ് സർക്കാരിന്റേത്. ഇത്തരം സാഹചര്യത്തിലാണ് ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപെട്ട് 26ന് ജില്ലയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യു.ഡി.എഫ് നിയോജക മണ്ഡലം ജനറൽ കൺവീനർ ഒ.ആർ. ശശി, കോൺഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് എന്നിവരും പങ്കെടുത്തു