election

കോട്ടയം: നിയസമഭാ തിരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ബാക്കി നിൽക്കെ പൊടിപാറും പോരാട്ടത്തിലേയ്‌ക്ക് ജില്ല കടക്കുന്നു. പതിവിന് വിരുദ്ധമായി ഇക്കുറി സ്ഥാനാർത്ഥികൾക്ക് വെല്ലുവിളികൾ ഏറെയാണ്. സംസ്ഥാനത്തെ രാഷ്‌ട്രീയ പരീക്ഷണങ്ങൾക്ക് വേദിയാകുന്ന ജില്ലയിൽ ഫലമെന്താകുമെന്ന ആശങ്കയാണ് ഓരോ മുന്നണിക്കും. കേരള കോൺഗ്രസുകളുടെ സൗഹൃദ മത്സരം നടക്കുന്ന കടുത്തുരുത്തിയും ചങ്ങനാശേരിയും മുതൽ വർഷങ്ങൾക്ക് ശേഷം കൈപ്പത്തി മടങ്ങിയെത്തുന്ന കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വരെ ഇക്കുറി ഫലത്തിൽ ആകാംഷ നിറയ്‌ക്കുന്നു. വെയിലും സമയവും മുതൽ സ്ഥാനാർത്ഥികൾക്ക് ജില്ലയിൽ വെല്ലുവിളി നൽകുന്ന ഘടകങ്ങൾ ഏറെയുണ്ട്.

വെയിലേറുന്നു

വെയിലും പൊടിയുമാണ് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പ്രധാന വില്ലൻ. വെയിലേറും തോറും പ്രചാരണച്ചെലവും കൂടും. കൈപൊക്കി, നാട്ടുകാരെ അഭിവാദ്യം ചെയ്‌ത് തുറന്ന വാഹനത്തിലേയ്‌ക്ക് കയറുമ്പോൾ, നെറുകയിൽ വന്നടിക്കുക പൊരിവെയിലാകും. വിയർത്തു നാറി വോട്ടർമാരുടെ മുന്നിലെത്താൻ ആഗ്രഹിക്കാത്ത സ്ഥാനാർത്ഥികൾ ഒരു ദിവസം നാലോ അഞ്ചോ ജോഡി വസ്ത്രം കരുതേണ്ടി വരും. സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും വെള്ളവും ഭക്ഷണവും ഈ ചൂട് കാലത്ത് കൂടുതലായി കരുതേണ്ടി വരുമെന്നാണ് പ്രചാരണ മാനേജർമാർ പറയുന്നത്.

കൊവിഡ് കുളമാക്കുമോ

വാക്‌സിനെത്തിയെങ്കിലും കൊവിഡ് പേടിയിൽ തന്നെയാണ് ഇപ്പോഴും സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികൾക്കോ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നവർക്കോ കൊവിഡ് ബാധിച്ചാൽ എല്ലാം താളം തെറ്റും. അതുകൊണ്ടു തന്നെ പ്രചാരണത്തിൽ അതീവ ജാഗ്രതയിൽ തന്നെയാണ് രാഷ‌്‌ട്രീയ പാർട്ടികളും. മാസ്‌ക് ധരിച്ച്, സാനിറ്റൈസർ പുരട്ടിയാണ് സ്ഥാനാർത്ഥികളുടെയെല്ലാം നടപ്പെങ്കിലും സാമൂഹിക അകലം മാത്രം സാദ്ധ്യമല്ല. വാക്‌സിൻ എടുത്തവരും സ്ഥാനാർത്ഥികളിൽ കുറവാണ്.

നെട്ടോട്ടമോടണം

സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി, നാമനിർദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞാൽ പതിനഞ്ചു ദിവസത്തിൽ താഴെ മാത്രമാണ് ഇക്കുറി പ്രചാരണത്തിന് ലഭിക്കുക. ഓരോ നിയോജക മണ്ഡലത്തിലും ഒന്നര ലക്ഷത്തിലേറെ വോട്ടർമാരുണ്ട്. ഓടിയെത്താൻ സ്ഥാനാർത്ഥിക്ക് മതിയായ സമയം ലഭിക്കില്ലെന്നു സാരം.