
അടിമാലി: വെള്ളത്തൂവൽ സർക്കാർ ഹയർസെക്കന്റെറി സ്‌കൂളിൽ ടാറ്റാ കമ്പനിയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു. ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്‌കൂളുകളിൽ ഒന്നായ വെള്ളത്തൂവൽ സ്‌കൂളിന്റെ വികസനത്തിന് കരുത്ത് പകരാൻ ലക്ഷ്യമിട്ടാണ് ടാറ്റാ കമ്പനി ഇടപെടൽ നടത്തിയിട്ടുള്ളത്. കമ്പനിയുടെ സി എസ് ആർ ഫണ്ടിൽ നിന്നും ഒരു കോടി രൂപയോളം ചിലവഴിച്ച് നിർമ്മിക്കാൻ ലക്ഷ്യമിട്ടുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ദേവികുളം സബ് കളക്ടർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെഡിഎച്ച്പി കമ്പനി മാനേജിംഗ് ഡയറക്ടർ മാത്യു എബ്രഹാം മുഖ്യാതിഥിയായി.മൂന്ന് ക്ലാസ് മുറികളോടും രണ്ട് ലാബുകളോടും കൂടിയ കെട്ടിട നിർമ്മാണത്തിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഡിനു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ എ സി ഷിബി, അജിതാ കുമാരി, സ്റ്റാൻലി മോൻ,ഡോ. സി .കെ. റോയി,പി വി അഗസ്റ്റിൻ, ജയന്തി തുടങ്ങി യവർപങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് സ്‌കൂൾ വളപ്പിലെ കൃഷി വിഭവങ്ങളുടെ വിളവെടുപ്പ് ഉത്സവവും സബ് കളക്ടർ നിർവ്വഹിച്ചു.ജില്ലാ കളക്ടർ എച്ച് ദിനേശന്റെ ഇടപെടൽ സ്‌കൂളിന് ഉണ്ടാകാൻ പോകുന്ന മാറ്റത്തിന് സഹായകരമായെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.