പൊൻകുന്നം : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാംഘട്ടം നിർമ്മാണം നടക്കുന്ന പൊൻകുന്നം പാറക്കടവ് ഭാഗത്ത് നിർമ്മാണം അനിശ്ചിതത്വത്തിൽ. പുറമ്പോക്ക് ഭൂമിയായി നിശ്ചയിച്ച് ഏറ്റെടുത്ത 150 മീറ്ററോളം ഭാഗം പുറമ്പോക്കല്ലെന്ന കോടതി വിധിയാണ് തടസമായത്. റോഡിന്റെ ടാറിംഗ് ഭാഗം മാത്രമാണ് കൃത്യമായ വീതിയിലെടുക്കാനായത്. ബാക്കി വശങ്ങളിൽ ആവശ്യമായ സ്ഥലം ഒഴിച്ചിടാനോ ഓടനിർമ്മിക്കാനോ കഴിയാത്ത സ്ഥിതിയായി പുറമ്പോക്കായി കരുതി കല്ലിട്ട ഭൂമി പിന്നീട് കോടതി ഉത്തരവോടെ തൊട്ട് ചേർന്ന് സ്ഥലമുള്ള വ്യക്തിയുടേതായി മാറി. അക്വയർ ചെയ്ത ഭൂമിയായതിനാൽ ഇവിടെ നിർമ്മാണം നടത്താമെന്ന പ്രതീക്ഷയിലായിരുന്ന കരാർ കമ്പനി. കോടതി വിധി വന്നതോടെ ഇനി നിർമ്മാണം നടക്കണമെങ്കിൽ സ്ഥലം നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുക്കേണ്ടി വരും. ഇക്കാര്യത്തിൽ കെ.എസ്.ടി.പിയിൽ നിന്ന് വ്യക്തത ലഭിക്കാത്തതിനാൽ ആ ഭാഗത്തെ ഓടനിർമ്മാണം ഒഴിവാക്കി.

സാങ്കേതിക തടസങ്ങൾ ഏറെ

നിർമ്മാണം തുടങ്ങിയ റോഡിനായി ഇനി കെ.എസ്.ടി.പി സ്ഥലമേറ്റെടുക്കണമെങ്കിൽ സാങ്കേതിക തടസങ്ങൾ ഏറെയാണ്. അതിനാൽ ഇവിടെ ഓട നിർമ്മിക്കാതെ മറ്റ് പണികൾ തീർക്കാനാണ് തീരുമാനം. ടാറിഗ് കഴിഞ്ഞുള്ള ഇടഭാഗം, ഓട എന്നിവയ്ക്ക് ഇവിടെ സ്ഥലമില്ല. കൊടുംവളവ് തിരിഞ്ഞെത്തുന്ന മേഖലയിൽ റോഡ് ഇടുങ്ങിയതോടെ അപകടങ്ങൾക്ക് സാദ്ധ്യതയേറെയാണ്. പി.പി.റോഡിൽ അട്ടിക്കൽ പ്രശാന്ത് നഗറിൽ ഇതേപോലെ വിട്ടുവീഴ്ച ചെയ്ത ഭാഗത്ത് നിരന്തരം അപകടങ്ങളാണ്.