തലനാട് : എൽ.ഡി.എഫ് സർക്കാർ മുൻഗണനാ മേഖലയിൽ നടപ്പാക്കിയത് വേറിട്ട വികസന മുന്നേറ്റമാണെന്നും ഇത് തുടരാൻ തുടർഭരണം ഉറപ്പാക്കുന്നതിൽ പങ്കാളികളാവണമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി അഭ്യർത്ഥിച്ചു. മലയോര മേഖലയുടെ സമഗ്രമായ വികസനത്തിന് നടപടി ഉണ്ടാവുമെന്നും മന്ദീഭവിച്ചു കിടക്കുന്ന ഗ്രീൻ ടൂറിസം പദ്ധതി പുനരുജ്ജീവിപ്പിക്കുകയും മലയോരത്ത് സുരക്ഷിത ജനജീവിതം ഉറപ്പുവരുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തലനാടിൽ നടന്ന പഞ്ചായത്ത്തല കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തലനാട്ടിലെത്തിയ സ്ഥാനാർത്ഥിയെ പഞ്ചായത്ത് പ്രസിഡന്റ് രജ്ജനി സുധാകരൻ, വൈസ് പ്രസിഡന്റ് സോളി ഷാജി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. പി.എസ്.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എം.ജി.ശേഖരൻ ഉദ്ഘാടനം ചെയ്തു. ലാലിച്ചൻ ജോർജ്, പ്രൊഫ.ലോപ്പസ് മാത്യു,ബെന്നി മൈലാടൂർ, സിബി തോട്ടുപുറം ജോസ് കുറ്റിയാനിമറ്റം, സലിം യാക്കരി, അഡ്വ.പി.എസ്.സുനിൽ, അഡ്വ.സിറിയക് കുര്യൻ, സൻജു, കെ.എം.രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.