
കട്ടപ്പന: കല്യാണത്തണ്ട് മലനിരകളിൽ സന്ദർശകരുടെ തിരക്കേറി. പച്ചപ്പരവതാനി കണക്കെയുള്ള പുൽമേടുകളിൽ വിശ്രമിക്കാനും കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന കാഴ്ചകൾ ആസ്വദിക്കാനുമായി നിരവധിയാളുകളാണ് എത്തുന്നത്. നിർമലാസിറ്റി, വെള്ളയാംകുടി എന്നിവിടങ്ങളിലെ കല്യാണത്തണ്ട് മലനിരകളാണ് സന്ദർശകരുടെ ഇഷ്ടകേന്ദ്രങ്ങൾ. കുടുംബസമേതം എത്തി പാറപ്പുറങ്ങളിലും പുൽമേടുകളിലും മണിക്കൂറുകളോളം ചെലവഴിച്ചാണ് ആളുകൾ മടങ്ങുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കട്ടപ്പന നഗരസഭ വിനോദസഞ്ചാര കേന്ദ്രങ്ങളെ അവഗണിക്കുന്നതായി ആക്ഷേപമുണ്ട്. ബഡ്ജറ്റുകളിൽ ലക്ഷങ്ങൾ വകയിരുത്തുന്നതല്ലാതെ നിർമാണ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല.
അടിത്തട്ടിലെ ഘോരവനങ്ങളും ഇടുക്കി ജലാശയത്തിന്റെ വിദൂരക്കാഴ്ചകളും ചെറുദ്വീപുകളും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. ചെറുതും വലുതുമായ നിരവധി ദ്വീപുകളാണ് മുഖമുയർത്തി നിൽക്കുന്നത്. ജലസംഭരണിയിൽ ജലനിരപ്പ് താഴുമ്പോൾ ഇവ വലുതാകുകയും പുതിയ ദ്വീപുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. കാലവർഷത്തിൽ ജലനിരപ്പുയരുന്നതോടെ വീണ്ടും പൂർവസ്ഥിതിയിലെത്തും. നിർമലാസിറ്റിയിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. 2016 ആഗസ്റ്റിൽ ഇവിടെ കുറിഞ്ഞിച്ചെടികൾ പൂവിട്ടിരുന്നു. നീലക്കുറിഞ്ഞി പോലെ കുന്തിയാനസ് ഫെസിലസ് എന്ന കുറിഞ്ഞി പൂത്തതോടെ സ്വദേശികളും വിദേശികളും ആയിരങ്ങളാണ് ഇവിടെയെത്തിയത്. ഇതോടെ ഇവിടവും സന്ദർശകരുടെ പ്രിയകേന്ദ്രങ്ങളിൽ ഇടംപിടിച്ചു.
നിർമലാസിറ്റിൽ നിന്നുള്ള സമാന്തര പാതയിലൂടെ വെള്ളയാംകുടിയിലേക്കുള്ള യാത്രയും ഏറെ ആസ്വാദ്യകരമാണ്. ഇവിടെ നിന്നു ജലാശയക്കാഴ്ചകൾക്ക് പുറമേ കട്ടപ്പന നഗരത്തിന്റെ വിദൂര ദൃശ്യവും ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രവും കാണാം. പുരാതന ശിവക്ഷേത്രവും കല്യാണത്തണ്ടിൽ സ്ഥിതി ചെയ്യുന്നു.
ഐതീഹ്യപ്പെരുമ
ത്രേതായുഗത്തിൽ ശ്രീരാമനും സീതാദേവിയും ഈ മലനിരകളിൽ എത്തിയതായാണ് ഐതീഹ്യം. കൂടാതെ ദ്വാപരയുഗത്തിൽ പഞ്ചപാണ്ഡവരും കല്യാണത്തണ്ടിലെത്തിയതായി ഐതീഹ്യമുണ്ട്. ക്ഷേത്രത്തിനു സമീപത്ത് ചരിത്രശേഷിപ്പായി മുനിയറയും സ്ഥിതി ചെയ്യുന്നു.