lathika

കോട്ടയം: സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി നീരസത്തിലായ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കും. പ്രവർത്തകരുമായി സംസാരിച്ചശേഷം ഇന്ന് വൈകുന്നേരം 5 മണിയോടെ ഏറ്റുമാനൂരിലാവും പ്രഖ്യാപനം ഉണ്ടാവുക. ഇന്നുതന്നെ പാർട്ടി അംഗത്വവും ലതിക രാജിവയ്ക്കം. അതേസമയം, ലതികയെ മയപ്പെടുത്താൻ കോൺഗ്രസിലെ ഉന്നത നേതാക്കൾ ശ്രമിച്ചുവരികയാണ്.

ഏറ്റുമാനൂരിൽ സീറ്റ് ലഭിക്കില്ലായെന്ന് ബോദ്ധ്യപ്പെട്ടതോടെ ഏറ്റുമാനൂരിലെ കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി ഓഫീസിലേക്ക് കഴിഞ്ഞയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതേ തുടർന്ന് നേതൃത്വം ഇടപെട്ട് പ്രവർത്തകരെ നിയന്ത്രിച്ചിരുന്നു. സീറ്റ് ലഭിക്കില്ലായെന്ന് ബോദ്ധ്യമായതോടെ ഇന്നലെ ഇന്ദിരഭവനിൽ എത്തി തല മുണ്ഡനം ചെയ്ത് ലതിക പ്രതിഷേധിച്ചു. ഇതിൽ ഹൈക്കമാൻഡന്റ് നീരസം വ്യക്തമാക്കിയിരുന്നു. ഇത് ശരിയായ കീഴ്വഴക്കമല്ലെന്നാണ് ഹൈക്കമാൻഡ് പറഞ്ഞത്. ലതികയുടെ പ്രതിഷേധം വികാരപ്രകടനമായേ കാണാൻ സാധിക്കുകയുള്ളുവെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

തലമുതിർന്ന വനിതാ പ്രവർത്തകയാണ് ലതികാ സുഭാഷ്. 21 വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻഡായിരുന്ന ലതിക പാലക്കാട്ട് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചിരുന്നു. കോൺഗ്രസുമായി നീരസത്തിലായതോടെ ബി.ജെ.പി യിൽ ലതിക ചേരുമെന്ന് അഭ്യൂഹം പടർന്നിരുന്നു. എന്നാൽ ലതിക തന്നെ അത് നിഷേധിച്ചു.

പി.ജെ. ജോസഫ് ഏറ്റുമാനൂർ സീറ്റിനായി കടുംപിടുത്തം തുടർന്നതോടെ സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി സീറ്റ് ലതികക്ക് നല്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പുകാരനായ ജോസഫ് വാഴയ്ക്കന് കാഞ്ഞിരപ്പള്ളി നല്കേണ്ടിവന്നു. അവസാനം എറണാകുളത്തെ വൈപ്പിനിൽ സീറ്റ് നല്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവിടെയും ലതിക തഴയപ്പെടുകയായിരുന്നു. ഭർത്താവ് സുഭാഷ് വൈപ്പിൻകാരനായതിനാൽ ലതിക ആ സീറ്റ് കിട്ടിയാലും മതിയെന്ന് വ്യക്തമാക്കിയിരുന്നു. അവിടെയും കിട്ടാതായതോടെയാണ് ലതിക പ്രതിഷേധവുമായി പരസ്യമായി രംഗത്ത് ഇറങ്ങിയത്.