water-melon

ചങ്ങനാശേരി: ഇടക്കാലാശ്വാസമായി മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന്റെ കാഠിന്യത്തിൽ മാറ്റമില്ല. പകൽ സമയങ്ങളിൽ വെയിലിന്റെ കാഠിന്യമേറുന്നതിനാൽ, തണ്ണിമത്തൻ വിപണിയും സജീവമാകുന്നു. വഴിയോരങ്ങളിൽ കരിക്ക്, കൈതച്ചക്ക, കരിമ്പ് , നാരങ്ങ തുടങ്ങിയ ശീതള പാനീയങ്ങളെക്കാൾ ഉപരി തണ്ണിമത്തൻ ജ്യൂസ് വിപണിയും തകൃതിയായി. ശരീരത്തിലെ ജലാശം നിലനിർത്താൻ സഹായിക്കുന്നതിനാൽ തണ്ണിമത്തൻ വാങ്ങാൻ ആവശ്യക്കാരുമേറുന്നു. വിപണി സജീവമായതോടെ വ്യാപാരികളും വർധിച്ചു. ശരീരത്തിലുണ്ടാകുന്ന ജല നഷ്ടം ലഘൂകരിക്കാനും ചൂട് കൂടമ്പോഴുള്ള ശാരീരിക അസ്വസ്ഥതകൾ പരിഹരിക്കാനും തണ്ണിമത്തൻ ഏറെ സഹായിക്കും. അന്യസംസ്ഥാനങ്ങിൽ നിന്നും എത്തുന്ന മത്തൻ വേഗത്തിൽ നശിക്കുന്നതും, മാരകമായ രാസപ്രയോഗത്താൽ ഉപയോഗിക്കുന്നവർക്ക് അസുഖങ്ങളുണ്ടാക്കുന്നതിനും ഇടയാക്കാറുണ്ട്. വരൾച്ച ശക്തമാകുന്ന മലയോരമേഖലയിൽ ധാരാളം ആളുകളാണ് തണ്ണിമത്തൻ വാങ്ങാനായി എത്തുന്നത്. തമിഴ്‌നാട് ,കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും എത്തുന്നത്. കേരളത്തിലും തണ്ണിമത്തൻ കൃഷി ചെയ്യുന്നുണ്ട്. വയനാട്ടിൽ നിന്നും തണ്ണിമത്തൻ വിപണിയിൽ എത്തുന്നുണ്ട്. പച്ചയും കറുപ്പും തണ്ണിമത്തനുകൾ അടക്കി ഭരിച്ചിരുന്ന വിപണിയിൽ ഇപ്പോൾ മഞ്ഞ മത്തനും എത്തുന്നുണ്ട്. കിലോയ്ക്ക് 15,20 എന്ന കണക്കിനാണ് വില്പ്പന. നിറം മാറുന്നതനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകാറുണ്ട്. വഴിയോര വിപണിയും സജീവമാണ്. കാൽനടയാത്രക്കാർ, വാഹനയാത്രക്കാർ നിരവധിയാളുകൾ തണ്ണിമത്തങ്ങ വാങ്ങാനായി എത്തുന്നുണ്ട്.