
കോട്ടയം: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചും തല മുണ്ഡനം ചെയ്തും ലതികാസുഭാഷ് നടത്തിയ പ്രതിഷേധ സമരം കോൺഗ്രസിന് മാനക്കേടുണ്ടാക്കിയെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഉന്നത കോൺഗ്രസ് നേതാക്കൾക്കാണ്.
ഉമ്മൻചാണ്ടി , രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളോട് ജന്മനാടായ ഏറ്റുമാനൂരിൽ ഒരു സീറ്റ് വേണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. എ.കെ. ആന്റണിയെയും ഇക്കാര്യം അറിയിച്ചിരുന്നതായി ലതിക വെളിപ്പെടുത്തി. എന്നാൽ, ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുകയായിരുന്നു.
കോട്ടയത്തെ ഉന്നത നേതാക്കൾ വിചാരിച്ചാൽ ജോസഫ് ഈ സീറ്റ് കോൺഗ്രസിന് വച്ചു മാറാൻ തയ്യാറായിരുന്നു എന്നാണ് വിവരം. എന്നാൽ, ലതികയെ മത്സരിപ്പിക്കുന്നതിന് അവരാരും താത്പര്യം കാണിച്ചില്ല. കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയായ കന്യാസ്ത്രീ നടത്തിയ ഉപവാസ സമരപ്പന്തലിൽ ലതിക സുഭാഷ് മഹിളകോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഇതിൽ നീരസം ഉണ്ടായ കത്തോലിക്കാ സഭ ലതികയെ മത്സരിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതായാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നറിഞ്ഞത്. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ എന്ന നിലയിൽ സ്ത്രീപക്ഷത്ത് നിൽക്കുകയെന്ന സ്വാഭാവിക നടപടി ആയി മാത്രം കാണാതെ, സഭയെ പിണക്കാൻ തന്റേടമില്ലാത്ത കോൺഗ്രസ് നേതൃത്വം ലതികയെ വെട്ടുകയായിരുന്നു.
ജോസഫിന് ഏറ്റുമാനൂർ നൽകിയതിനാൽ പകരം കാഞ്ഞിരപ്പള്ളിയിൽ ലതികയെ പരിഗണിക്കുന്നുവെന്ന് കോട്ടയത്തെ നേതാക്കൾ ഉറപ്പു നൽകിയെങ്കിലും ഐ ഗ്രൂപ്പുകാരനായ ജോസഫ് വാഴയ്ക്കനുവേണ്ടി രമേശ് ആ സീറ്റ് സ്വന്തമാക്കിയപ്പോൾ കെ. ബാബുവിന് തൃപ്പൂണിത്തുറ സീറ്റിനായി വാദിച്ച ഉമ്മൻചാണ്ടി ലതികയ്ക്കൊരു സീറ്റിനു വേണ്ടി അത്ര താത്പര്യം കാണിച്ചില്ല. കാഞ്ഞിരപ്പള്ളി വാഴയ്ക്കന് കൊടുത്തപ്പോൾ ലതികയ്ക്ക് എറണാകുളത്തെ വൈപ്പിൻ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഭർത്താവ് സുഭാഷ് വൈപ്പിൻ കാരനായതിനാൽ വൈപ്പിന്റെ മരുമകളാകാൻ അവർ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
ഇന്നലെ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തു വരും വരെ വൈപ്പിനിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനു വരെ സീറ്റുണ്ടെന്നറിഞ്ഞതോടെയാണ് വനിതകളെ അവഗണിച്ചതിലുള്ള പ്രതിഷേധ സൂചകമായി അവർ രാജിവച്ചതും തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതും.
2000ൽ ലതിക കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 21 വർഷം കഴിഞ്ഞിട്ടും പാർട്ടി അവരെ ഒരു എം.എൽ.എയാക്കിയില്ല. ലതിക ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമായെങ്കിലും അവർ നിഷേധിച്ചു.