
കോട്ടയം: ചിത്രം തെളിഞ്ഞതോടെ അങ്കത്തട്ടിൽ പോര് മുറുകി. കോട്ടയം ജില്ലയിലെ 9 മണ്ഡലങ്ങളിലും ഇക്കുറി പ്രചാരണത്തിന് തീപാറും. രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞതോടെ യു.ഡി.എഫ് കോട്ടയിൽ എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പൂഞ്ഞാർ, കടുത്തുരുത്തി മണ്ഡലങ്ങൾ ആർക്കൊപ്പം നില്ക്കുമെന്ന് പറയാനാവില്ല.
കേരള കോൺഗ്രസ്-എം ഇടതുമുന്നണിയിൽ എത്തിയതോടെ പ്രചാരണത്തിന് മാണിയുടെ മണ്ഡലത്തിൽ ചൂടേറും. ഇടത് മുന്നണിയിലെ പാലാ എം.എൽ.എ യായിരുന്ന മാണി സി. കാപ്പൻ ഇക്കുറി യു.ഡി.എഫ് പിന്തുണയോടെയാണ് കളത്തിലിറങ്ങിയിട്ടുള്ളത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രമീളാ ദേവിയും രംഗത്ത് സജീവമാണ്. ചുരുക്കത്തിൽ ത്രികോണ മത്സരമാണ് വരുംദിവസങ്ങളിൽ പാലായിൽ ദർശിക്കാൻ പോവുന്നത്.
പി.സി. ജോർജ് ഇക്കുറിയും മാറ്റുരയ്ക്കുന്നത് ചതുഷ്കോണ മത്സരത്തിലൂടെയാണ്. മുൻ ഡി.സി.സി പ്രസിഡന്റായിരുന്ന ടോമി കല്ലാനിയെയാണ് യു.ഡി.എഫ് രംഗത്ത് ഇറക്കിയിട്ടുള്ളത്. എം.ആർ. ഉല്ലാസാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
ഇടത് സ്വതന്ത്രനായി മത്സരിച്ച് കാഞ്ഞിരപ്പള്ളിയിൽ നിന്ന് 2006ൽ നിയമസഭയിൽ എത്തിയ അൽഫോൻസ് കണ്ണന്താനം ഇക്കുറി ബി.ജെ.പി ടിക്കറ്റിലാണ് മത്സരിക്കുക. സിറ്റിംഗ് എം.എൽ.എ ഡോ.എൻ.ജയരാജ് ഇടതുമുന്നണിയിലും ജോസഫ് വാഴയ്ക്കൻ യു.ഡി.എഫിലും സ്ഥാനാർത്ഥികളായതോടെ ഇവിടെ മത്സരം കടുപ്പമാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മൂന്നു സ്ഥാനാർത്ഥികളും കാഞ്ഞിരപ്പള്ളിക്കാരാണെന്ന സവിശേഷതയുമുണ്ട്. ജോസഫ് വാഴയ്ക്കൻ നേരത്തെ ഇവിടെ മത്സരിച്ചിരുന്നുവെങ്കിലും അൽഫോൻസ് കണ്ണന്താനത്തോട് അടിയറവ് പറയുകയായിരുന്നു. മുൻ മന്ത്രി നാരായണക്കുറുപ്പിന്റെ മകനായ ജയരാജ് മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ്ടും മത്സര രംഗത്തെത്തിയിട്ടുള്ളത്.
പുതുപ്പള്ളിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ജെയ്ക് സി.തോമസാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥിയായി എൻ. ഹരിയും മണ്ഡലത്തിൽ സജീവമാണ്.
കോൺഗ്രസ് നേതാവായിരുന്ന ജി.രാമൻ നായരെയാണ് എൻ.ഡി.എ ചങ്ങനാശേരിയിൽ കളത്തിലിറക്കിയിട്ടുള്ളത്.
വർഷങ്ങളായി കേരള കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന വി.ജെ. ലാലിയെയാണ് യു.ഡി.എഫ് രംഗത്ത് ഇറക്കിയത്. കേരള കോൺഗ്രസ് പിളർന്നതോടെ പി.ജെ. ജോസഫ് ഗ്രൂപ്പിലുള്ള ലാലി സഭാ നേതൃത്വവുമായും എൻ.എസ്.എസുമായും അടുത്തബന്ധം പുലർത്തുന്നയാളാണ്. നഗരസഭാ ചെയർമാനായിരുന്ന കേരള കോൺഗ്രസിലെ ജോബ് മൈക്കിളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി.എഫ്. തോമസിന്റെ അഭാവത്തിൽ ഇവിടെയും മത്സരം കടുത്തതായിരിക്കും.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ യു.ഡി.എഫിൽ മത്സരിക്കുമ്പോൾ സി.പി.എമ്മിലെ അഡ്വ. കെ. അനിൽ കുമാറാണ് എതിരാളി. എൻ.ഡി.എയിലെ മിനർവ മോഹനും സജീവമായി രംഗത്തുണ്ട്.
മഹിള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായ ലതിക സുഭാഷിന്റെ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തോടെ ഏറെ ശ്രദ്ധേയമായ ഏറ്റുമാനൂരിലും ഇക്കുറി മത്സരത്തിന് തീപാറും.
ജോസഫ് ഗ്രൂപ്പിന് യു.ഡി.എഫ് സീറ്റ് നല്കിയതോടെ കോൺഗ്രസിലെ ഒരു കൂട്ടം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പ്രിൻസ് ലൂക്കോസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ. വാസവനാണ് എതിരാളി. ഭരത് കൈപ്പാറേടൻ എൻ.ഡി.എ സ്ഥാനാർത്ഥിയാണ്. സ്വതന്ത്രയായി മത്സരിക്കാൻ ലതിക തീരുമാനിച്ചാൽ കോൺഗ്രസ് വോട്ടുകൾ എങ്ങോട്ട് തിരിയുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
സംവരണ മണ്ഡലമായ വൈക്കത്ത് കോട്ടയം നഗരസഭ അദ്ധ്യക്ഷയായിരുന്ന പി.ആർ. സോനയെയാണ് രംഗത്ത് ഇറക്കിയിട്ടുള്ളത്. എതിരാളി സിറ്റിംഗ് എം.എൽ.എ സി.പി.ഐയിലെ സി.കെ. ആശയാണ്. മുൻ ജില്ലാ പഞ്ചായത്ത് അംഗം അജിതാ സാബുവാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
കടുത്തുരുത്തിയിലും ഇക്കുറി മത്സരത്തിന് തീപാറും. സിറ്റിംഗ് എം.എൽ.എ മോൻസ് ജോസഫിനോട് മത്സരിക്കുക കേരള കോൺഗ്രസ് എമ്മിലെ സ്റ്റീഫൻ ജോർജാണ്. എൻ.ഡി.എയുടെ ലിജിൻ ലാലും സജീവമായി രംഗത്തുണ്ട്.