വൈക്കം : പെൺപോര് നടക്കുന്ന വൈക്കത്ത് പ്രചാരണത്തിന് ചൂടേറി. ആദ്യം പ്രചാരണം തുടങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.കെ ആശ ഒരുവട്ടം മണ്ഡലമാകെയെത്തിയപ്പോൾ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളും രംഗത്ത് സജീവമായി.

സി.കെ ആശയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ആരാധനാലയങ്ങൾ, മതനേതാക്കൾ, പ്രമുഖ വ്യക്തികൾ തുടങ്ങിയവരെ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന പര്യടനമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. ശബരിമല മുൻ മേൽശാന്തി പി.ജെ.നാരായണൻ നമ്പൂതിരിയിൽ നിന്ന് അനുഗ്രഹം വാങ്ങിയാണ് സി.കെ ആശ പ്രചാരണം തുടങ്ങിയത്. രണ്ടാം ഘട്ടമായി വിവിധ പഞ്ചായത്തുകളിൽ സ്ഥാപനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലുമെത്തി പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സി.കെ.ആശ.
യു.ഡി.എഫ്. സ്ഥാനാർഥി ഡോ. പി.ആർ സോന ശബരിമല മുൻ മേൽശാന്തി ഇടമന ദാമോദരൻ പോ​റ്റിയിൽ നിന്നും അനുഗ്രഹം വാങ്ങി പ്രചരണ പരിപാടിക്ക് തുടക്കമിട്ടു.
നിയോജകമണ്ഡലത്തിലെ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പള്ളികൾ , ക്ഷേത്രങ്ങൾ , ആദ്യകാല നേതാക്കൾ , പ്രശസ്ത വ്യക്തികൾ , മഠങ്ങൾ, ജനപ്രതിനിധികൾ എന്നിവരെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങി. വൈക്കം ടൗണിൽ നിന്നും ആദ്യഘട്ട പ്രചരണം തുടങ്ങി. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥന നടത്തുകയാണ് ലക്ഷ്യം.
എൻ.ഡി.എ സ്ഥാനാർത്ഥി അജിത സാബു തന്ത്റി മനയത്താ​റ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയിൽ നിന്ന് അനുഗ്രഹം വാങ്ങിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. വിവിധ പഞ്ചായത്തുകളിൽ ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം സന്ദർശനം നടത്തിവരികയാണ് സ്ഥാനാർത്ഥി.