വൈക്കം : ഐതീഹ്യ പെരുമയുടെ നിറവിൽ ആചാരത്തനിമകളോടെ വടയാറിൽ ഇന്ന് ആറ്റുവേല. ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല ഇന്ന് രാത്രി ആരംഭിക്കും. നാളെ പുലർച്ചെ ആറ്റുവേല ദർശനം. രാത്രി കരത്തൂക്കം നടക്കും. മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിൽ ദൃശ്യ വിസ്മയം തീർക്കുന്ന ഇളങ്കാവ് ആറ്റുവേല ഇതര ജലോത്സവങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വടക്കുംകൂർ രാജ വംശത്തിന്റെ ദേവതയായ ഇളങ്കാവ് ഭഗവതിയെ കാണാൻ മീന മാസത്തിലെ അശ്വതി നാളിൽ സഹോദരി കൊടുങ്ങല്ലൂർ ഭഗവതി ജലമാർഗം ഇളങ്കാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി എത്തുന്നതാണ് ആറ്റുവേലയുടെ ഐതിഹ്യം. ആറ്റുവേലച്ചാടിന്റെ നിർമ്മാണത്തിൽ തുടങ്ങി ആചാരാനുഷ്ഠാനങ്ങൾ ഒരുപാടുണ്ട് ആറ്റുവേലയ്ക്ക്. നിർമ്മാണം പൂർത്തിയായ ചാട് ഇന്ന് രാവിലെ 7.30ന് രണ്ട് കിലോമീറ്റർ അകലെയുള്ള ആറ്റുവേലക്കടവ് ക്ഷേത്രത്തിലേക്ക് പുറപ്പെടും. അവിടെ നിന്നും മീനമാസത്തിലെ അശ്വതി നാളായ ഇന്ന് 18 നാഴിക പുലരുന്ന രാത്രി 1.30 കഴിഞ്ഞ് സർവാഭരണ വിഭൂഷിതയായ കൊടുങ്ങല്ലൂർ ഭഗവതിയെ മുകളിലത്തെ നിലയിൽ എഴുന്നള്ളിച്ച് ആറ്റുവേലക്കടവ് ക്ഷേത്രത്തിലെ പുറക്കളത്തിൽ ഗുരുതി നടത്തി ഇളങ്കാവിലേക്ക് പുറപ്പെടും. നാളെ പുലർച്ചെ 4.30 ഓടെ ക്ഷേത്രകടവിലെത്തും. ക്ഷേത്രമതിലിന് പുറത്ത് പ്രത്യേകം തയാറാക്കിയിട്ടുള്ള പള്ളിസ്രാമ്പിലേക്ക് ഭഗവതിയെ എഴുന്നള്ളിച്ച് പ്രത്യേക പൂജകൾ നടത്തും. ക്ഷേത്രത്തിൽ നാളെ പീലിത്തൂക്കം, കരത്തൂക്കം എന്നിവ നടക്കും.