hhh

കോട്ടയം : മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ജില്ലയിൽ തിരഞ്ഞെടുപ്പുകളം ചൂടുപിടിച്ചു. പത്രികാ സമർപ്പണവും ആരംഭിച്ചു. തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്കും തുടക്കമിട്ട് ജനങ്ങളിലേക്കിറങ്ങുകയാണ് സ്ഥാനാർത്ഥികൾ. മുഖ്യമന്ത്രി, മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, സിനിമാ സീരിയൽ താരങ്ങൾ തുടങ്ങിയവരെ പ്രരണത്തിനിറക്കാനാണ് മുന്നണികളുടെ തീരുമാനം. പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർത്ഥി പി.സി ജോർജ്, പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി, കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.അനിൽകുമാർ എന്നിവർ ഇന്നലെ പത്രിക സമർപ്പിച്ചു. ആഘോഷമായുള്ള പത്രികാ സമർപ്പണചടങ്ങിൽ പരമാവധി ഓളം സൃഷ്ടിക്കാൻ സ്ഥാർത്ഥികൾക്കായി. 19 നുള്ളിൽ പത്രിക സമർപ്പിക്കേണ്ടതിനാൽ വോട്ടുപിടിക്കുന്നതിനൊപ്പം പത്രികാ സമർപ്പണത്തിന്റെ കൂടി തിരക്കിലാണ് സ്ഥാനാർത്ഥികൾ. നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ ഒരുപടി മുന്നിലെത്തിയെങ്കിലും അവർക്കൊപ്പം ഓടിയെത്താനുള്ള തിരക്കിലാണ് മറ്റ് മുന്നണി സ്ഥാനാർത്ഥികൾ. മണ്ഡലങ്ങളില്ലാം പോസ്റ്ററുകളും ചുവരഴെുത്തുകളും നിറഞ്ഞു.

ഉമ്മൻചാണ്ടിയും, ആശയും ഇന്ന് പത്രിക സമർപ്പിക്കും

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് രാവിലെ 11 ന് പള്ളിക്കത്തോടുള്ള പാമ്പാടി ബി.ഡി.ഒ ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ മുൻപാകെ ഇന്ന് പത്രിക നല്കും. തിരഞ്ഞെടുപ്പ് കൺവെൻഷനും ഇന്ന് തുടക്കമാകും. വൈകിട്ട് 5 ന് പാമ്പാടി സെന്റ്.ജോൺസ് കത്തീഡ്രൽ പള്ളി പാരീഷ്ഹാളിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാമ്പാടിയിൽ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടക്കും. ചടങ്ങിൽ രമേഷ് പിഷാരടിയും പങ്കെടുക്കും. വൈക്കം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.കെ.ആശയും ഇന്ന് പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12 ന് അസി.റിട്ടേണിംഗ് ഓഫീസറായ വൈക്കം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് പത്രിക സമർപ്പിക്കുന്നത്.

അനുഗ്രഹം വാങ്ങി ബി.ജെ.പി സ്ഥാനാർത്ഥികൾ

ക്ഷേത്ര ദർശനം നടത്തിയും മുതിർന്ന നേതാക്കളിൽ നിന്ന് അനുഗ്രഹം വാങ്ങിയും ജില്ലയിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ. കോട്ടയം മണ്ഡലത്തിലെ മിനർവ മോഹൻ, പുതുപ്പള്ളിയിലെ എൻ.ഹരി, കടുത്തുരുത്തിയിൽ ലിജിൻ ലാൽ, പാലായിൽ ഡോ.ജെ.പ്രമീളാദേവി, വൈക്കത്ത് അജിതാ സാബു, പൂഞ്ഞാറിൽ എം.ആർ.ഉല്ലാസ്, ചങ്ങനാശേരിയിൽ ജി.രാമൻ നായർ എന്നിവരാണ് മണ്ഡലത്തിൽ സജീവമായത്. ഡൽഹിയിലുള്ള അൽഫോൺസ് കണ്ണന്താനത്തിന് ജൻമനാട്ടിൽ വൻ സ്വീകരണമൊരുക്കാനാണ് കാഞ്ഞിരപ്പള്ളിയിലെ പ്രവർത്തകരുടെ തീരുമാനം.