
കോട്ടയം : യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥി ലിസ്റ്റ് കൂടി പുറത്തു വന്നതോടെ ജില്ലയിലെ ഒമ്പതു നിയമസഭാ മണ്ഡലങ്ങളിലും ഇനി പോരാട്ടം തീപാറും. ഇടതുസ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തേ നടന്നതിനാൽ വി.എൻ.വാസവൻ , ജയ്ക്ക് സി തോമസ്, സി.കെ.ആശ, ജോസ് കെ മാണി തുടങ്ങിയവർ പ്രചാരണത്തിൽ ഒരുപടി മുന്നിലാണ്. പിറവത്ത് കേരളകോൺഗ്രസ് (ജോസ്) വിഭാഗം സ്ഥാനാർത്ഥി പരിഗണനയിലുണ്ടായിരുന്ന ജിൽസ് പെരിയപുരത്തെ വെട്ടി സി.പി.എം സ്വതന്ത്രയായിരുന്ന ഡോ.സിന്ധു മോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കിയതിന്റെ അലകൾ കോട്ടയത്ത് സി.പി.എം , ജോസ് വിഭാഗങ്ങളിൽ പ്രശ്നമുണ്ടാക്കിയെങ്കിലും ഒരുദിവസം കൊണ്ട് കെട്ടടങ്ങി. യു.ഡി.എഫിൽ ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ മാത്രമായിരുന്നു നേരത്തേ പ്രചാരണം തുടങ്ങിയത്. കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കൻ, വൈക്കത്ത് ഡോ.പി.ആർ.സോന, പൂഞ്ഞാറിൽ അഡ്വ.ടോമി കല്ലാനി എന്നിവരും സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കളത്തിലിറങ്ങി.
സ്വതന്ത്രവേഷത്തിൽ ലതിക, കോൺഗ്രസ് വെട്ടിൽ
യു.ഡി.എഫിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിറകെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാകോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ് സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചതോടെ കോൺഗ്രസ് വെട്ടിലായി. അവർ അട്ടിമറി ജയം നേടിയാൽ കോൺഗ്രസിന് വലിയ തിരിച്ചടിയുമാകാം. സീറ്റ് കൊടുക്കുന്നില്ലെങ്കിലും ലതിക പ്രശ്നമുണ്ടാക്കില്ലെന്ന് "അണ്ടർ എസ്റ്റിമേറ്റ് "ചെയ്ത കോട്ടയത്തെ ഉന്നത കോൺഗ്രസ് നേതാക്കൾ എന്തൊക്കെ ന്യായീകരണങ്ങൾ നടത്തിയാലും ഏറ്റുമാനൂർ സീറ്റിന് അവർ അർഹയായിരുന്നുവെന്ന സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ വികാരം യു.ഡി.എഫിന് ദോഷമായേക്കാം.
കോടതിവിധിയും ജോസിന് അനുകൂലം
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നവും പാർട്ടി പേരും ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി ലഭിച്ചതും ജോസിന് നേട്ടമായി. ജോസഫ് വിഭാഗത്തിന് ഇനി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും. തദ്ദേശ തിരഞ്ഞെടുപ്പിലെ ചെണ്ട ചിഹ്നം ലഭിക്കുന്നില്ലെങ്കിൽ ഓരോ സ്ഥാനാർത്ഥിയും വ്യത്യസ്ഥ സ്വതന്ത്ര ചിഹ്നത്തിലാകും മത്സരിക്കുക. കേരളകോൺഗ്രസ് (എം) എന്ന് ഉപയോഗിക്കുന്നത് കേസിന് വഴിതെളിക്കുമെന്നതിനാൽ പേരില്ലാ പാർട്ടിയായി മത്സരിക്കേണ്ടി വരും. വിപ്പും പ്രശ്നമാകാം.