sangeetha
എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് കട്ടപ്പനയിൽ നടന്ന റോഡ് ഷോ.

കട്ടപ്പന: ഇടുക്കി നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥിന്റെ തിരഞ്ഞെടുപ്പിന് പ്രചരണത്തിന് ഉജ്ജ്വല തുടക്കം. ഇന്നലെ കട്ടപ്പനയിൽ നടന്ന റോഡ്‌ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. വൈകിട്ട് കട്ടപ്പനയിലെ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന എൻ.ഡി.എ. യോഗത്തിൽ പങ്കെടുത്ത് മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിന് മുമ്പിൽ ദീപം തെളിയിച്ചാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ ബി.ജെ.പി, എൻ.ഡി.എ. നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് ഗുരുദേവ കീർത്തി സ്തംഭത്തിൽ ദർശനം നടത്തി. അതിന് ശേഷം നഗരത്തിൽ നടന്ന റോഡ്‌ഷോ അമർജവാൻ യുദ്ധ സ്മാരകത്തിൽ സമാപിച്ചു. ഇവിടെ പുഷ്പാർച്ചന നടത്തിയ ശേഷം എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ ആസ്ഥാനത്തെത്തിയ സ്ഥാനാർത്ഥിയെ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ, വനിതസംഘം, യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് യൂണിയൻ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മടങ്ങിയത്.