പാലാ: രണ്ടിലയുടെ അവകാശം ജോസ് വിഭാഗത്തിനെന്ന് സുപ്രീം കോടതി ഉത്തരവിന് വന്നതിന് തൊട്ടുപിന്നാലെയാണ് ജോസ്.കെ.മാണി നിയമസഭയിലേക്കുള്ള കന്നി അങ്കത്തിനായി നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്.

നാമനിർദ്ദേശക പത്രികാസമർപ്പണവുമായി ബന്ധപ്പെട്ട് ജോസ് കെ.മാണിയുടെ വീട്ടിൽ പാർട്ടി ഭാരവാഹികളും പ്രവർത്തകരും ഉച്ചയോടെ എത്തിയിരുന്നു. അപ്പോഴാണ് സുപ്രീം കോടതി വിധിയുടെ വാർത്ത വരുന്നത്. പ്രവർത്തകർ ആഹ്ലാദാരവങ്ങൾ മുഴക്കി. ജോസ്.കെ.മാണി അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു.എന്നും എപ്പോഴും സത്യം വിജയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
തുടർന്ന് നാമനിർദ്ദേശക പത്രികയിൽ രണ്ടില രേഖപ്പെടുത്തി ഒപ്പുവച്ച് പത്രികാ കോളങ്ങൾ കൃത്യമായി പൂരിപ്പിച്ചുവെന്ന് അഭിഭാഷകരായ അഡ്വ.പി.കെ.ലാലും, അസ്വ .സിറിയക്ക് കുര്യനും സൂഷ്മ പരിശോധന നടത്തി തിരികെ ഏല്പിച്ചു. അപ്പോഴേയ്ക്കും പാലായിലെ ഇടതു നേതാക്കൾ വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. അവരുമായും സന്തോഷം പങ്കുവച്ചു.
ജോസഫ് വിഭാഗം ഇനിയും കേരള കോൺഗ്രസ് എന്ന നാമം ഉപയോഗിച്ച് പ്രചാരണം നടത്തുന്നതും യോഗം ചേരുന്നതിനും എതിരെ നിയമ നടപടി സ്വീകരിക്കാൻ പാലായിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം.