
കോട്ടയം : നാടകീയമായ തലമുണ്ഡനത്തിന് ശേഷം കണ്ണീരണിഞ്ഞ മുഖത്തോടെ ഒടുവിൽ ലതികയുടെ പ്രഖ്യാപനം എത്തി. ഇരുമുന്നണികൾക്കും ഒരു പോലെ വെല്ലുവിളി ഉയർത്തി മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കും. ഒരു പകൽ നീണ്ട നാടകീയമായ നീക്കങ്ങൾക്കും അനുനയ ചർച്ചകൾക്കും ഒടുവിലാണ് ലതിക സ്ഥാനാർത്ഥിയായി എത്തിയത്. ആ നീക്കങ്ങളുടെ നിഴൽ മൂടി നിന്ന കുമാരനല്ലൂരിന്റെ പകൽ ഇങ്ങനെയായിരുന്നു.
ഉണർത്തിയത് ചാനലുകൾ
കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്ത് കേരളത്തെ പിടിച്ചു കുലുക്കിയ ലതികാ സുഭാഷ്, രാത്രി തന്നെ കുമാരനല്ലൂരിലെ വീട്ടിലെത്തിയിരുന്നു. പുലർച്ചെ തന്നെ കോൺഗ്രസ് പ്രവർത്തകരുടെ തിരക്ക്. കൂടാതെ ചാനലുകാരുടെ വൻപടയും. ഇതിനിടെ ലതികയെ അനുനയിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്, ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് യു.ഡി.എഫ് നേതാക്കളെ സമീപിച്ചു.
അവഗണനകൾ എണ്ണിപ്പറഞ്ഞ്
രാവിലെ പത്തരയോടെ വീടിന് മുന്നിലെത്തിയ ചാനൽ കാമറകൾക്ക് മുന്നിൽ ലതിക വിതുമ്പിക്കരഞ്ഞു. പാർട്ടിയിൽ നേരിട്ട അവഗണ എണ്ണിപ്പറഞ്ഞ ലതിക തന്നെ ഒരു തവണ പോലും വിളിക്കാൻ കോൺഗ്രസ് നേതാക്കൾ ആരും തയ്യാറായില്ലെന്ന് കുറ്റപ്പെടുത്തി. ഈ വീട് മാത്രമാണ് എനിക്കുള്ളത്, കൈകൾ ശുദ്ധമാണ്. തന്റെ മാതാവും, പിതാവും സഹോദരനും മരിച്ചത് ഈ വീട്ടിൽക്കിടന്നാണ്. തനിക്ക് കോൺഗ്രസ് പാർട്ടിയാണ് ഇപ്പോൾ എല്ലാമെന്ന് പറഞ്ഞ ലതികയുടെ കവിളിലൂടെ കണ്ണീർ ഒഴുകിയിറങ്ങി. ഇതിനിടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് എത്തുന്നത്. വീടിനുള്ളിലേയ്ക്ക് പ്രിൻസിനൊപ്പം കയറിപ്പോയ ലതിക നേതാക്കൾക്കൊപ്പം ചർച്ച നടത്തി. ഇതിനിടെ എ.കെ ആന്റണി ഫോണിൽ വിളിച്ചെങ്കിലും ലതിക വഴങ്ങിയില്ല.
കുത്തിപ്പൊട്ടിച്ചത് ശരീരത്തിലെ മുറിവ്
പഴുത്ത വൃണമായി ശരീരത്തിൽ നിന്ന മുറിവ് കുത്തിപ്പൊട്ടിക്കുമ്പോൾ വേദനയുണ്ടാകുമെന്ന പ്രസ്താവനയോടെയാണ് ലതിക ഏറ്റുമാനൂരിലെ താരാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസംഗം ആരംഭിച്ചത്. എനിക്ക് ഒന്നുമില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ല, ഒപ്പം നേതാക്കളില്ല, ആകെയുള്ളത് നിങ്ങൾ മാത്രമാണ്. ഒടുവിൽ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി സ്ഥാനാർത്ഥിയാകാൻ തയ്യാറാകുകയായിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തയാൾ അപ്രതീക്ഷിതമായി എഴുന്നേറ്റ് നിന്ന് ഒരു ലക്ഷം രൂപ സംഭാവനയായി നൽകി. കണ്ടു നിന്ന പ്രവർത്തകർ ഉടൻ കൈയ്യിലുണ്ടായിരുന്ന പണം പിരിവെടുത്ത് കെട്ടിവയ്ക്കാനുള്ള തുക നൽകി. തുടർന്ന് പ്രവർത്തകുടെ അകമ്പടിയോടെ ഏറ്റുമാനൂർ നഗരത്തിലൂടെ പ്രകടനവും നടത്തി പ്രചാരണത്തിനും തുടക്കമിട്ടു.