chenda

ചങ്ങനാശേരി: വാഴപ്പള്ളി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കഥകളി പുറപ്പാട്, മേളപ്പദം കൊട്ടി ചെണ്ടയിൽ അരങ്ങേറ്റം കുറിച്ച് മൃദംഗവിദ്വാൻ വാഴപ്പള്ളി ടി എസ് സതീഷ് കുമാർ. അദ്ദേഹത്തോടൊപ്പം കോട്ടക്കൽ പി ഡി നമ്പൂതിരി, കലാമണ്ഡലം ബാലചന്ദ്രൻ (പാട്ട്) കലാഭാരതി ജയശങ്കർ (മദ്ദളം ) ധന്യ ഹരികുമാർ, ദിവ്യ ഹരികുമാർ (പുറപ്പാട്) എന്നിവരും അരങ്ങിലെത്തി. കഴിഞ്ഞ 41 വർഷക്കാലമായി കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം ആകാശവാണിയുടെ 'എ' ഗ്രേഡ് മൃദംഗ കലാകാരനാണ്. താളവാദ്യത്തെക്കുറിച്ചുള്ള പഠനത്തിന് കേന്ദ്ര ഗവൺമെന്റ് റിസർച്ച് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. കർണ്ണാടക സംഗീത താളശാഖക്ക് 'ഡമരുധ്വനി' എന്നൊരു പുതിയ താളം സംഭാവന ചെയ്യുകയും പ്രസ്തുത താളത്തിൽ ഒരു പല്ലവി എഴുതി ചിട്ടപ്പെടുത്തിയത് നിരവധി പ്രഗത്ഭ സംഗീത വിദ്വാന്മാർ അവതരിപ്പിച്ച് കലലോകത്ത് പ്രത്യേക ശ്രദ്ധനേടുകയും ചെയ്തിരുന്നു. കഴിഞ്ഞ 3 വർഷക്കാലമായി കലാമണ്ഡലം ഭാഗ്യനാഥിന്റെ കീഴിൽ കഥകളിയും അഭ്യസിക്കുന്നുണ്ട്. 2019 ഏപ്രിൽ മാസത്തിൽ വാഴപ്പള്ളി ശ്രീമഹദേവ ക്ഷേത്രോത്സവത്തിന് കുചേലവൃത്തത്തിലെ ശ്രീകൃഷ്ണ വേഷം കെട്ടി കഥകളിയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഷോർട്ട് ഫിലിമുകൾ, വീഡിയോ ആൽബങ്ങൾ എന്നിയുടെ രചനയും സംവിധാനവും നിർവ്വഹിച്ച് സോഷ്യൽ മീഡിയകളിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. ലോക്ഡൗണിന് ശേഷം തീയേറ്ററുകളിൽ ആദ്യമായി റിലീസ് ചെയ്ത 'വെള്ളം' എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം സതീഷ് കുമാർ അവതരിപ്പിച്ചിരുന്നു. സ്വദേശത്തും വിദേശത്തുമായി ഒട്ടനേകം വേദികളിൽ കലാപരിപാടികളിൽ പങ്കെടുത്തു വരുന്ന ഇദ്ദേഹത്തിന് പനച്ചിക്കാട് ദക്ഷിണ മൂകാംബികാ ആസ്ഥാനവിദ്വാൻ പട്ടം ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചെണ്ടയിൽ കലാഭാരതി ഉണ്ണികൃഷ്ണനാണ് ഗുരുനാഥൻ. ചങ്ങനശേരി നാരായണനിവാസിൽ എൻ ശങ്കരനാരായണൻ നായർ, കെ ജാനകിയമ്മ എന്നിവരുടെ മകനാണ് സതീഷ്‌കുമാർ. പെരുന്ന എൻ എസ് എസ് ഹിന്ദുകോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.കെ ജയശ്രീയാണ് ഭാര്യ. അമൃതാ യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റേഴ്‌സ് ബിരുദ വിദ്യാർത്ഥിനി രാഗാസതീഷ് മകളാണ്.