പുതുപ്പള്ളി: തലേന്ന് രാത്രി വൈകിയും ഉമ്മൻചാണ്ടിയുടെ ഫോണിന് വിശ്രമമില്ലായിരുന്നു. പ്രഖ്യാപിക്കാത്ത സീറ്റുകളെച്ചൊല്ലിയുള്ള തർക്കമായിരുന്നു കാരണം. കോട്ടയത്തെ ഹോട്ടലിൽ ഉറങ്ങിയെന്ന് വരുത്തി. ഇന്നലെ പതിവിലും നേരത്തെ ഉണർന്നു. ആദ്യം മണർകാട് പള്ളിയിലും പിന്നീട് പുതുപ്പള്ളി പള്ളിയിലും പാമ്പാടി ദയറയിലും പ്രാർത്ഥന. പൂർവികരുടെ കല്ലറയ്ക്ക് മുമ്പിൽ ശിരസു നമിച്ച്... പുതുപ്പള്ളി കരോട്ടുവള്ളക്കാലിലെ കുടുംബ വീട്ടിലെത്തുമ്പോൾ രാവിലെ 9മണി. പത്രിക നൽകേണ്ട ദിവസമായിട്ടും ആൾക്കൂട്ടമില്ല. ആദ്യമാണിങ്ങനെ. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിയിൽ നിറുത്താൻ ചങ്കു പറിച്ച് കൊടുക്കാൻ നിന്നവരൊക്കെ എവിടെ ? ആ ചോദ്യത്തിന് ഉത്തരം കിലോമീറ്ററുകൾക്കപ്പുറമുള്ള പാമ്പാടി ബ്ളോക്ക് ഓഫീസിന് മുന്നിലുണ്ടായിരുന്നു.
പത്ത് മണിയോടെ ഉമ്മൻചാണ്ടിയുടെ വാഹനം ബ്ളോക്ക് ഓഫീസിന് മുന്നിലെ റോഡിലെത്തുമ്പോൾ ചെറിയൊരു കൺവെൻഷനുള്ള കൂട്ടമുണ്ട്. പത്രിക സമർപ്പിക്കുന്ന ഓഫീസായതിനാൽ, മുദ്രാവാക്യം വിളിക്കരുതെന്ന് ചുണ്ടിൽ ചൂണ്ടുവിരലമർത്തി ഉമ്മൻചാണ്ടി.
ചെറുവള്ളിക്കാവ് ക്ഷേത്രത്തിൽ ഉമ്മൻചാണ്ടിയുടെ നക്ഷത്രമായ അനിഴം നാളിൽ രക്തപുഷ്പാഞ്ജലി കഴിച്ച് പ്രസാദവുമായി കോൺഗ്രസ് പാമ്പാടി മണ്ഡലം പ്രസിഡന്റ് കെ.ആർ.ഗോപകുമാർ ഓടിയെത്തി. ചന്ദനവും സിന്ദൂരവും ചേർന്ന ചുവന്ന പ്രസാദം നെറ്റിയിൽ ചാർത്തി. തുരുതുരാ വന്ന ഫോൺ കാളുകൾക്ക് ഗൗരവത്തോടെ മറുപടി പറയുമ്പോഴും കൈ ഉയർത്തിയും ചിരിച്ചും കുഞ്ഞൂഞ്ഞ്.
11.15നാണ് പത്രിക സമർപ്പിക്കേണ്ടത്. അതുവരെ ഓഫീസിന് സമീപം നിൽക്കാമെന്ന് ഉമ്മൻചാണ്ടി. കൂടിയവർക്കെല്ലാം സെൽഫിയെടുക്കണം. ഫോൺ വിളികൾക്കിടയിലും ക്ഷമയോടെ ഫോട്ടോയ്‌ക്ക് പോസുചെയ്തു.
എത്താൻ വൈകിയതിന്റെ ജാള്യത മറച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായരും മഹിളാ കോൺഗ്രസ് പ്രവർത്തകരും വന്നു. രാധാ വി.നായരെ ഉമ്മൻചാണ്ടിയുടെ അരികിൽ നിറുത്തിയ പ്രവർത്തകന്റെ കമന്റ് - ''സ്ത്രീ പ്രാതിനിദ്ധ്യം വേണം, അല്ലേൽ തലമൊട്ടയടിക്കും''. കൂട്ടച്ചിരിയിൽ കമന്റ് കേട്ടില്ലെന്ന മട്ടിൽ ഉമ്മൻചാണ്ടി. മഹിളാ കോൺഗ്രസ് പ്രവർത്തകർ ഇടിച്ചു കയറിയപ്പോൾ മറ്റൊരു പ്രവർത്തകന്റെ കമന്റ് - '' ഇതാ സ്വല്പം ഇടംകൊടുത്താലുള്ള പ്രശ്നം. പിന്നെ മാറില്ല''! അതും കേട്ടില്ലെന്ന മട്ടിൽ ഉമ്മൻചാണ്ടി.
പെട്ടെന്നാണ് ഉമ്മൻചാണ്ടിയുടെ നെറ്റിയിലെ കുറി രാധാ വി.നായർ ശ്രദ്ധിച്ചത്. നോമിനേഷൻ കൊടുക്കാൻ പോകുമ്പോൾ താനാണ് കുറി തൊടുന്നതെന്ന് രാധ. ഗോപകുമാറിന്റെ കൈയിൽ നിന്ന് പ്രസാദം വാങ്ങി ഉമ്മൻചാണ്ടിയുടെ നെറ്റിയിൽ വീണ്ടും കുറിചാർത്തി. മുക്കാൽ മണിക്കൂറോളം പൊരിവെയിലത്ത് ഉമ്മൻചാണ്ടി നിന്നു. നോമിനേഷൻ കൊടുക്കാനുള്ള സമയമായി. ഒപ്പംകൂട്ടാവുന്ന ആളുകൾക്ക് പരിമിതിയുള്ളതിനാൽ ആരും തള്ളിക്കയറി വരരുതെന്ന് കർശന നിർദേശം. നോമിനേഷൻ കൊടുത്തിറങ്ങുന്ന നേതാവിനെ എടുത്തുയർത്താൻ ചിലർ പദ്ധതിയിടുന്നുണ്ടെന്ന് മനസിലാക്കിയ മുതിർന്ന നേതാക്കൾ അത് തടഞ്ഞു. സാറിന് വയ്യ. ആരും എടുക്കരുത്. ആൾക്കൂട്ടത്തിനിടയിലൂടെ, വൈകിട്ടത്തെ കൺവെൻഷനിൽ കാണാമെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി കാറിൽ കയറി. അപ്പോഴും ഫോൺ നിറുത്താതെ ചിലയ്ക്കുന്നുണ്ടായിരുന്നു!
'' പുതുപ്പള്ളിയിൽ തുടർച്ചയായി അമ്പത് വർഷം പൂർത്തിയാക്കി റെക്കാഡിട്ടത് നാട്ടുകാരുടെ സമ്പൂർണ പിന്തുണകൊണ്ടാണ്. ഇടുതുമുന്നണിയുടെ സിറ്റിംഗ് സീറ്റാണ് അന്ന് ഞാൻ പിടിച്ചെടുത്തത്. പിന്നീട് ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തി. അതിനൊക്കെ ഞാൻ പുതുപ്പള്ളിക്കാരോട് കടപ്പെട്ടിരിക്കുന്നു. യു.ഡി.എഫ് ഇക്കുറി അധികാരത്തിൽ വരുമെന്നതിന് സംശയമൊന്നുമില്ല. ശബരിമല വിഷയം വിശ്വാസികൾ എങ്ങനെ മറക്കും. കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിൽ വിശ്വാസികൾ സംതൃപ്തരല്ല. സ്ത്രീ പ്രവേശനത്തെ എതിർത്ത് യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ചത് ഇടതുസർക്കാരാണ്. ഖേദം പ്രകടിപ്പിക്കുന്നതിന് പകരം പുതിയ സത്യവാങ്മൂലം നൽകുകയാണ് വേണ്ടത്. സ്ത്രീകൾക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകിയിട്ടുണ്ട്. പുതിയ പട്ടികയിലും സ്ത്രീകൾക്ക് പ്രാതിനിദ്ധ്യമുണ്ടാവും''
--ഉമ്മൻ ചാണ്ടി