election

പൊൻകുന്നം: മലയാളി തിരഞ്ഞെടുപ്പ്കാലത്ത് മാത്രം കൂടുതലായി ഉപയോഗിക്കുന്ന ചില വാക്കുകളും പ്രയോഗങ്ങളുമുണ്ട്. അഞ്ചുവർഷം കഴിഞ്ഞ് വീണ്ടും ഉപയോഗിക്കേണ്ടിവരുന്നതിനാൽ ഇത്തരം വാക്കുകൾ ആവശ്യം കഴിഞ്ഞ് ഭദ്രമായി സൂക്ഷിച്ചുവെയ്ക്കുകയാണ് പതിവ്. അതിലാന്നാണ് പച്ച. കഥകളിക്ക് പച്ചകുത്തുകയാണെങ്കിൽ ഇലക്ഷന് പച്ച തൊടീലാണ്. എതിരാളിയെ പച്ചതൊടീക്കാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇലക്ഷനിൽ നടക്കുന്നത്. പിന്നൊരു വാക്ക് എട്ടാണ്. എതിരാളി എട്ടുനിലയിൽ പൊട്ടുമെന്നാണ് പ്രചാരണം. തന്നെയുമല്ല പരസ്പരം എട്ടിന്റെ പണി കൊടുക്കലും പതിവ്. നേതാക്കന്മാരെ എട്ടുകാലിമമ്മൂഞ്ഞ് എന്നുവിളിക്കുന്നതും തിരഞ്ഞെടുപ്പ് കാലത്ത് കേൾക്കാം.

'ഈ വാഹനത്തിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്ന'ത് നമ്മൾ കൂടുതലും കാണുകയും കേൾക്കുകയും ചെയ്യുന്നത് തിരഞ്ഞടുപ്പിലാണ്. മത്സരത്തിൽ മുന്നിലെത്താനാണ് ഇവർ പിന്നാലെ കടന്നുവരുന്നതെന്നത് വിരോധാഭാസം. വിലയേറിയ വോട്ടും അപേക്ഷിക്കലും തിരഞ്ഞെടുപ്പ് കാലത്ത് കൂടുതലായി കേൾക്കാം. എത്ര കഴിവില്ലാത്തവനെയും തിരഞ്ഞെടുപ്പുകാലം. കരുത്തനും കർമ്മധീരനുമാക്കും!.
കോട്ടകോത്തളങ്ങൾ ഇടിച്ചുനിരത്തുന്നതും അങ്കലാപ്പിന്റെ അലമാലകൾ ഉയരുന്നതും ഈ കാലത്താണ്. പരിപ്പ് വേകാനും ഈ സമയത്ത് ബുദ്ധിമുട്ടാണ്. ആ പരിപ്പ് ഈ വെള്ളത്തിൽ വേകില്ലെന്നാണ് പരസ്പരം പറയുന്നതു കേൾക്കാം. കെട്ടിവെച്ചകാശ്, ചിത്രം തെളിയുക, വിട്ടുകൊടുക്കൽ, പിടിച്ചെടുക്കൽ, ഒതുക്കൽ,ധാരണ, കാലുവാരൽ, വെളിപ്പെടുത്തൽ ഭൂരിപക്ഷം ഇങ്ങനെ ഒരുപാട് വാക്കുകളുണ്ട് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നവ.