
കോട്ടയം: സാധാരണ മണ്ഡലമായിരുന്ന ഏറ്റുമാനൂർ ചർച്ചാവിഷയമായത് ലതികാ സുഭാഷിന്റെ ആ ഒന്നൊന്നര വരവോടെയാണ്. കോൺഗ്രസ് ആസ്ഥാനത്ത് ഉള്ളുവിങ്ങി തലമുണ്ഡനം ചെയ്ത ലതികാസുഭാഷ് ഉയർത്തിയ രാഷ്ട്രീയം അധികാരക്കസേരയിലേക്കുള്ള പെൺപോരാട്ടത്തിന്റെ വിജയവീഥികളിൽ എന്നും നിറഞ്ഞു നിൽക്കും.
ഏറ്റുമാനൂരിൽ ലതികയ്ക്ക് ജയിക്കാനാകുമോ എന്നതാണ് ഇപ്പോൾ ചർച്ചാ വിഷയം. ലതികയുടെ വരവിൽ വെട്ടിലായത് യു.ഡി.എഫും സ്ഥാനാർത്ഥി അഡ്വ. പ്രിൻസ് ലൂക്കോസുമാണ്. അതേസമയം ലതികയുടെ മത്സരം ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് സി.പി.എം സ്ഥാനാർത്ഥി വി.എൻ. വാസവൻ. എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ശ്രീനിവാസൻ പ്രചാരണം തുടങ്ങിയിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിൽ മണ്ഡലത്തിൽ സുപരിചിതയാണ് ലതിക. പ്രത്യക്ഷത്തിൽ യു.ഡി.എഫ് വോട്ടുകൾ പിടിക്കുമെന്ന് കരുതുമ്പോഴും എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടേയും വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ലതിക പിടിക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ഇടത് സ്വാധീനം
2011ൽ മണ്ഡല പുനർനിർണയത്തോടെയാണ് ഏറ്റുമാനൂരിന് ഇടതുസ്വഭാവമായത്. 2011 ൽ സി.പി.എമ്മിലെ സുരേഷ് കുറുപ്പാണ് 1801 വോട്ടിന് മണ്ഡലം തിരിച്ചു പിടിച്ചത്. 2016ൽ ഭൂരിപക്ഷം 8899 വോട്ടുകളായി ഉയർത്തി.
എൻ.ഡി.എ കഴിഞ്ഞ തവണ ബി.ഡി.ജെ.എസിലെ എ.ജി. തങ്കപ്പനിലൂടെ 27,540 വോട്ടുകൾ നേടിയിരുന്നു.
87 ആവർത്തിക്കുമോ?
ഏറ്റുമാനൂരിന്റെ ചരിത്രത്തിൽ ഇരുമുന്നണികളെയും ഒരു വിമതൻ തറപറ്റിച്ചിട്ടുണ്ട്. ഉദയസൂര്യൻ ചിഹ്നത്തിൽ ജോർജ് പൊടിപ്പാറയെന്ന അതികായൻ 1987ൽ ഏറ്റുമാനൂരിൽ ജയിച്ച് കയറി. 1982ൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് വിട്ടുകൊടുത്തു. 87ൽ കോൺഗ്രസിന് സീറ്റ് തിരികെ നൽകുമെന്നായിരുന്നു ധാരണ. എന്നാൽ ജോസഫ് വീണ്ടും സീറ്റിനായി അവകാശമുന്നയിച്ചു. നേതൃത്വം വഴങ്ങി. പ്രകോപിതനായ പൊടിപ്പാറ ഉദയസൂര്യൻ ചിഹ്നത്തിൽ ഒറ്റയ്ക്ക് മത്സരിച്ചു. കെ.ടി.മത്തായിയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. ഇ.എം.എസിന്റെ ബന്ധു ടി. രാമൻ ഭട്ടതിരിപ്പാട് എൽ.ഡി.എഫ് സ്വതന്ത്രനും. പൊടിപ്പാറ വോട്ടു ചോർത്തുമെന്ന വിശ്വാസത്തിൽ എൽ.ഡി.എഫ് വിജയം ഉറപ്പിച്ചു. പക്ഷേ, 2533 വോട്ടിന് പൊടിപ്പാറ വിജയിച്ചു.
വോട്ടർമാരെ നേരിട്ടു കാണുകയാണ്. അവരിൽ ഒരാളായാണ് എന്നെ കാണുന്നത്. നാളെ രാവിലെ പത്രിക സമർപ്പിക്കും
-ലതിക സുഭാഷ്