
കോട്ടയം: എന്തു സംഭവിക്കുമെന്ന് പറയാനാവാത്ത മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. യു.ഡി.എഫിനൊപ്പമായിരുന്ന സിറ്റിംഗ് എം.എൽ.എ  ഡോ.എൻ. ജയരാജ് ഇക്കുറി ഇടതുസ്ഥാനാർത്ഥി. വർഷങ്ങൾക്ക് ശേഷം കൈപ്പത്തി ചിഹ്നത്തിൽ ജോസഫ് വാഴയ്ക്കൻ. തങ്ങളുടെ എ ക്ളാസ് മണ്ഡലത്തിൽ എ ക്ളാസ് സ്ഥാനാർത്ഥിയായി കണ്ണന്താനം. എന്തുകൊണ്ടും പ്രവചനാതീതം.
റബറും കപ്പയും വാഴയുമൊക്കെയാണ് പ്രധാന കൃഷി. കുടിവെള്ള ക്ഷാമം അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന നയങ്ങളും പ്രചാരണ വിഷയം. ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തോടെ ഇതുവരെയില്ലാത്ത രാഷ്ട്രീയ കൗതുകം കൂടി സംഭവിച്ചു . മുഖ്യ ശത്രുവായി കണ്ട് പൊരുതിയിരുന്ന എൻ.ജയരാജ് ഇടതു മുന്നണിയുടെ മിത്രമായി. അതേസമയം കന്നിയങ്കത്തിൽ പൊരുതിയ വാഴയ്ക്കനും കണ്ണന്താനവും വീണ്ടും നേർക്കുനേർ എത്തുകയുമാണ് . തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കായിരുന്നു മേൽക്കൈ. ഓരോ പഞ്ചായത്തുകൾ വീതം യു.ഡി.എഫും ബി.ജെ.പിയും ഭരിക്കുന്നു. ബാക്കിയെല്ലാം ഇടതുമുന്നണിയുടെ കൈപ്പിടിയിൽ.
നിർണായകം
ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ. ഒന്നുകിൽ ബി.ജെ.പി ജയിക്കും. അല്ലെങ്കിൽ ആര് ജയിക്കുമെന്ന് തീരുമാനിക്കും.
 മണ്ഡല ചരിത്രം
കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വെള്ളാവൂർ, മണിമല, നെടുങ്കുന്നം, കങ്ങഴ,വാഴൂർ, പള്ളിക്കത്തോട് പഞ്ചായത്തുകൾ ചേരുന്നതാണ് കാഞ്ഞിരപ്പള്ളി മണ്ഡലം. 2011ലാണ് കാഞ്ഞിരപ്പള്ളിക്ക് രൂപാന്തരം സംഭവിച്ചത്. ഇതോടെ വാഴൂരിലെ അവസാന എം.എൽ.എയും പുതിയ കാഞ്ഞിരപ്പള്ളിയുടെ ആദ്യ എം.എൽ.എയുമായി ജയരാജ് മാറി.
ഡോ.എൻ.ജയരാജ്
2011മുതൽ കാഞ്ഞിരപ്പള്ളിയുടെ ഭാഗമായ എൻ. ജയരാജിന് വ്യക്തിപരമായ സ്വാധീനവും ഇടത് മുന്നണിയുടെ സംഘടനാ സംവിധാനവും തദ്ദേശ തിരഞ്ഞെടുപ്പിലെ മേൽക്കൈയുമാണ് പ്രതീക്ഷ. കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർത്ഥികൾ ക്രൈസ്തവ വിഭാഗത്തിൽ നിന്നായതിനാൽ നിർണായകമായ നായർ, ഈഴവ വോട്ടുകളിൽ സ്വാധീനം ചെലുത്താനാകുമെന്ന് പ്രതീക്ഷ.
ജോസഫ് വാഴയ്ക്കൻ
2006ൽ കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചപ്പോൾ മുതലുള്ള വ്യക്തി ബന്ധം. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിനാൽ കോൺഗ്രസ് പ്രവർത്തകരുടെ പൂർണ പിന്തുണ, സർക്കാർ വിരുദ്ധ വികാരം , സമുദായവോട്ടുകളിലുള്ള സ്വാധീനം എന്നിവയിൽ പ്രതീക്ഷ.
 അൽഫോൺസ് കണ്ണന്താനം
ബി.ജെ.പിക്ക് കാഞ്ഞിരപ്പള്ളിയിൽ ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥി. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, എം.പി, എം.എൽ.എ, കേന്ദ്രമന്ത്രി എന്ന നിലകളിലുള്ള പ്രവർത്തനങ്ങൾ, ജൻമനാട്ടിൽ മത്സരിക്കുന്നു, ബി.ജെ.പി കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടായ മുന്നേറ്റം എന്നിവ അനുകൂല ഘടകങ്ങൾ. ഹിന്ദു വോട്ടുകൾക്ക് പുറമേ ക്രിസ്ത്യൻ വോട്ടുകളിലും സ്വാധീനം ചെലുത്താനാകും.
വോട്ടുചരിത്രം
2016
യു.ഡി.എഫ്- 53,126
എൽ.ഡി.എഫ്- 49236
ബി.ജെ.പി- 31411
മണ്ഡലചിത്രം
ആകെ വോട്ടർമാർ- 185344
പുരുഷൻമാർ- 90603
സ്ത്രീകൾ -94740
ട്രാൻസ് ജെൻഡേഴ്സ് -1