a

കുമരകം : ശബരിമലയിൽ ഉത്ര മഹോത്സവ കൊടിയേറ്റിന‌് ഇത്തവണയും കൊടിക്കൂറയും കൊടിക്കയറും ചെങ്ങളത്ത് നിന്ന‌്. പതിനെട്ട് വർഷമായുള്ള പതിവ‌് തെറ്റിക്കാതെ ചെങ്ങളം വടക്കത്ത‌് ഇല്ലത്ത‌് ഗണപതി നമ്പൂതിരിയുടെ കരവിരുതിലാണ‌് കൊടിക്കൂറ ഒരുങ്ങിയിരിക്കുന്നത‌്. വെള്ളിയാഴ്ച നടക്കുന്ന കൊടിയേറ്റിനുള്ള കൊടിക്കൂറ ഗണപതി നമ്പൂരിയിൽ നിന്ന് ദേവസ്വം അധികൃതർ എത്തി ഇന്ന് ഏറ്റുവാങ്ങും. ശബരിമലയിലേക്ക് നൽകുന്ന കൊടിക്കൂറകൾക്ക് മാത്രം ഗണപതി നമ്പൂതിരി പണം വാങ്ങാറില്ല. പട്ടുകൊണ്ട് നിർമ്മിച്ച കൊടിയിൽ ശാസ്താവിന്റെ വാഹനമായ കുതിരയുടെ രൂപം തങ്കത്തിൽ പൂശി ആലേഖനം ചെയ്തിട്ടുണ്ട്. അഞ്ചു ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ശബരിമലയിലെ സ്വർണക്കൊടിമരത്തിന്റെ മൂന്നിലൊന്ന് നീളത്തിലാണ് കൊടിക്കൂറ തയ്യാറാക്കിയത്. ഏറ്റുമാനൂർ ,കുമാരനല്ലൂർ ,ചേർത്തല ,വാരനാട്, അമ്പലപ്പുഴ ക്ഷേത്രങ്ങളിലെ ഉത്സവത്തിനും കൊടിക്കൂറ നിർമ്മിച്ചു നൽകുന്നത് ഗണപതി നമ്പൂതിരി ആണ്. ആറന്മുള പള്ളിയോടങ്ങൾക്ക് വേണ്ട അമരച്ചാർത്തും ബാണക്കൊടികളും നിർമ്മിക്കുന്ന തിരക്കിലാണിപ്പോൾ. ശരാശരി ഒരു വർഷം 500 ഓളം കൊടിക്കൂറകൾ നിർമ്മിച്ചു നൽകുന്നുണ്ട്. ഇതിന് പുറമെ തിടമ്പ്,​ നെറ്റിപ്പട്ടം,​ മുത്തുക്കുട ആലവട്ടം ,വെഞ്ചാമരം തുടങ്ങിയവയും നിർമ്മിക്കുന്നുണ്ട്. ഫോട്ടോഗ്രാഫറായിരുന്ന മകൻ അരുൺശങ്കർ പിതാവിന്റെ പാതയിലേക്ക് ചുവട് മാറി. ചെങ്ങളം സർവീസ‌് സഹകരണ ബാങ്ക‌് ജീവനക്കാരനായിരുന്ന ഗണപതി നമ്പൂതിരി 2013 ൽ വിരമിച്ചു.